തിരുവനന്തപുരം: എഡിജിപി ടോമിന്‍ ജെ തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി ഡിജിപി ടി.പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായി ടി ബ്രാഞ്ചില്‍ നിന്നാണ് തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍ ആരോപിച്ചു. ചോര്‍ത്തിയതെല്ലാം തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണെന്നും ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ വ്യക്തമാക്കി.

ഇതോടെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വീണ്ടും പൊട്ടിത്തെറിയെന്ന അഭ്യൂഹങ്ങളെ ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, പൊലീസ് ആസ്ഥാനത്തു വെച്ച് തച്ചങ്കരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിട്ടുമുണ്ട്. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

സര്‍ക്കാരിന് തച്ചങ്കരി നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ഡിജിപി സെന്‍കുമാറിനെതിരായ പരാമര്‍ശമുണ്ടായിരുന്നു. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ സെന്‍കുമാര്‍ നീക്കം നടത്തിയെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരെ വ്യവഹാരങ്ങളില്‍ അതു തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായും തച്ചങ്കരി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.