തിരുവനന്തപുരം: തീവ്രവാദ ഭീഷണി കണക്കിലെടുത്ത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനുള്ള അസാധരണ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകനയോഗം വിളിച്ചു. ബി കാറ്റഗറി സുരക്ഷയാണു നിലവില്‍ സെന്‍കുമാറിനുള്ളത്. സെന്‍കുമാറിന്റെ സുരക്ഷാസംഘത്തിലെ മൂന്നുപേരെ കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ഇന്റലിജന്റസ് മേധാവിയായിരിക്കെയാണു സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സെന്‍കുമാറിനു പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്. എട്ട് അംഗരക്ഷകര്‍ അടങ്ങുന്ന ബി കാറ്റഗറി സുരക്ഷയായിരുന്നു സെന്‍കുമാറിന് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് കാലക്രമേണ ഇത് വെട്ടിക്കുറച്ചിരുന്നു. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു തിരികെ സര്‍വീസിലെത്തിയപ്പോള്‍, തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സെന്‍കുമാര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു തന്റെ സുരക്ഷാവലയത്തിലേക്കു മൂന്നുപേരെ സെന്‍കുമാര്‍ സ്വയം നിയമിച്ചിരുന്നു.