കൊച്ചി: എട്ടുമാസം അവധിയെടുത്ത കാലത്തെ മുഴുവന്‍ വേതനവും ലഭ്യമാക്കാനായി വ്യാജരേഖ ചമച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്തമാസം 14 വരെ സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനു നിര്‍ദേശം നല്‍കി. സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

വ്യാജരേഖകള്‍ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയില്‍ മുന്‍ ഡിജിപിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല. വ്യാജ ചികിത്സാരേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്നാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ വിജിലന്‍സ് അന്വേഷിച്ച ശേഷം കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കിയിരുന്നു. വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലില്‍ കുറിച്ചത്. എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് പൊലീസിന് കൈമാറണമെന്നും പറഞ്ഞിരുന്നു. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്.