കൊച്ചി: മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്ന കേസിലാണ് സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സെന്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യമെടുത്തത്. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സെന്‍കുമാറിനെതിരെ പരാതികള്‍ ലഭിക്കുകയായിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കിട്ടിയ എട്ടു പരാതികള്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.

ആര്‍.എസ്.എസ്സിനെ വെള്ളപൂശിയും മുസ്‌ലിംങ്ങള്‍ക്കെതിരെയുമായിരുന്നു പരാമര്‍ശം. ആര്‍.എസ്.എസ് ഇന്ത്യക്കകത്തുള്ള സംഘടനയാണ്. ഓരോ മതത്തിലേയും തീവ്രവാദം അതാത് മതക്കാര്‍ നിയന്ത്രിക്കണമെന്നും ലൗജിഹാദ് ഇല്ലെന്നത് ശരിയല്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളേയും വിവാഹം കഴിച്ചത് മറ്റൊരാളേയുമാണ്. അതിനാല്‍ പ്രണയത്തിനപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ലെന്നും തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്.