ഡോ. രാംപുനിയാനി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചിലര്‍ക്ക് ഇടിത്തീയും വര്‍ഗീയ ശക്തികള്‍ക്ക് ആഘോഷ വേളയുമായി. വിജയിച്ച സീറ്റുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണെങ്കിലും 2014 ലെ പൊതു തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ ബി.ജെ.പിയുടെ വോട്ടിങ് ശതമാനത്തില്‍ നേരിയ കുറവുണ്ടായതായി കാണാം. നിയമസഭാ സീറ്റിലെ 80 ശതമാനവും കരസ്ഥമാക്കിയ അവര്‍ 39 ശതമാനം വോട്ട് മാത്രമാണ് നേടിയത്.
മോദിക്കു ചുറ്റും സൃഷ്ടിക്കപ്പെട്ട തരംഗത്തില്‍ 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടും 60 ശതമാനം പാര്‍ലമെന്റ് സീറ്റുമാണ് നേടിയിരുന്നത്. ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പശ്ചാത്തലത്തില്‍ അച്ഛേ ദിന്‍ (നല്ല ദിനങ്ങള്‍) വിഷയത്തിലായിരുന്നു അന്നത്തെ പ്രചാരണം. അന്നത്തെ വന്‍ വിജയത്തിലു പിന്നില്‍ രണ്ട് പ്രധാന സംഭവങ്ങളാണുണ്ടായിരുന്നത്. കോര്‍പറേറ്റുകളില്‍ നിന്നുള്ള നിര്‍ലോഭമായ പിന്തുണയായിരുന്നു അതിലൊന്ന്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു മറ്റൊന്ന്. ഇപ്പോള്‍ ഇവരുടെ പിന്തുണ മാറ്റമൊന്നുമില്ലാതെ ലഭിക്കുകയും അതേസമയം വിവിധ ലക്ഷ്യങ്ങള്‍ കൂട്ടിക്കലര്‍ത്തി നയപ്രഖ്യാപനം നടത്തിയ പ്രചാരണങ്ങളുമാണ് അരങ്ങേറിയത്.
ഭയപ്പെടുത്തിയ നോട്ട് നിരോധനത്തെ വര്‍ഗീയ നിറത്തില്‍ വില്‍പ്പന നടത്തി. നോട്ട് നിരോധനം തീവ്രവാദികളെ തങ്ങളുടെ കൈവശമുണ്ടായിരുന്ന നോട്ടുകള്‍ നശിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതായും മുസ്‌ലിംകള്‍ ഇനിയൊരിക്കലും പണം ബാങ്കില്‍ സൂക്ഷിക്കില്ലെന്നും കാരണം അവരുടെ നോട്ടുകളെല്ലാം കത്തിച്ചുകളഞ്ഞതായും വായ്‌മൊഴി പ്രചാരണം നടത്തി. വിഭാഗീയത വളര്‍ത്തുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ തുടക്കത്തില്‍ മോദി നിഗൂഢമായ മൗനം പാലിച്ചെങ്കിലും പിന്നീട് ഖബര്‍സ്ഥാന്‍, ദീപാവലിക്കും ഈദിനും വൈദ്യുതി തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ വളരെ ഭയാനകമായ ധ്രുവീകരണ പ്രവൃത്തിയാണ് നടത്തിയത്. ലൗ ജിഹാദ്, മുസ്‌ലിം യുവാക്കളില്‍ നിന്ന് ഹിന്ദു യുവതികളെ രക്ഷിക്കാനായി ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന വാഗ്ദാനം എന്നിവക്കു പുറമെ മോദിയുടെ വന്‍ പ്രചാരണ യന്ത്രങ്ങളെല്ലാം വര്‍ഗീയ ഭാഷയാണ് ഉപയോഗിച്ചത്. ഇവക്കൊക്കെ കൂടാതെ കരുതിവെച്ച രാമക്ഷേത്ര നിര്‍മ്മാണ വിഷയവും പുറത്തെടുത്തു.
വന്‍ തോതിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരും അനുഭാവികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സകല ഗ്രാമങ്ങളിലുമിറങ്ങിയത്. സമാജ്‌വാദി പാര്‍ട്ടി മുസ്‌ലിംകളെ അനുകൂലിക്കുന്നവരാണ്. മായാവതിയും മുസ്‌ലിംകളോട് അമിത ലാളനയുള്ളവരാണ്. ഹിന്ദുക്കളെ രക്ഷിക്കാനുള്ള ഏക പാര്‍ട്ടി ബി.ജെ.പി മാത്രമാണെന്നാണ് ഇവര്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചത്. മുതിര്‍ന്ന നേതാക്കള്‍ വികസന കാര്യങ്ങളിലൂന്നിയ പ്രസംഗം നടത്തിയപ്പോള്‍ താഴെക്കിടയിലുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകന്മാര്‍ തനി വര്‍ഗീയതയാണ് പ്രസംഗിച്ചുകൊണ്ടിരുന്നത്. ഇതിന്റെ അനന്തര ഫലം യാദവരല്ലാത്തവരും ദലിതരല്ലാത്തവരും കൂട്ടത്തോടെ ബി.ജെ.പി പാളയത്തിലേക്ക് ചാഞ്ഞു എന്നതാണ്.
മുസഫര്‍ നഗറിന്റെ പശ്ചാത്തലത്തില്‍ ഘര്‍വാപസി, പശു സംരക്ഷണം തുടങ്ങിയ ആയുധം കൊണ്ട് വര്‍ഗീയ ധ്രുവീകരണത്തിന് അടിത്തറ പാകിയതോടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യന്ത്രം തികച്ചും അനുയോജ്യമായിരുന്നു. ബൂത്ത് തലത്തിലെ സംഘാടനം മുതല്‍ അവഗണിക്കപ്പെട്ട ജാതി സമവാക്യങ്ങള്‍ വരെ എല്ലാതരത്തിലും സൂക്ഷ്മതയോടെ സംരക്ഷിച്ചു. കുര്‍ണികളും രാജ്ബാറുകളുമുള്‍പെടെ ചെറിയ ജാതി ഗ്രൂപ്പുകളെ വരെ ബി.ജെ.പി തങ്ങളുടെ സഖ്യകക്ഷികളായി ചേര്‍ത്തിരുന്നു. ദൈനിക് ജഗരണ്‍ പ്രസാധകരുടെ വ്യാജ എക്‌സിറ്റ് പോള്‍ ഫലം വരെ ഉപയോഗപ്പെടുത്തി അവരുടെ പരസ്യ വിഭാഗം ബി.ജെ.പിയുടെ വിജയത്തില്‍ ഗണ്യമായ പങ്ക് വഹിച്ചു.
മറുഭാഗത്ത് പ്രാദേശിക പാര്‍ട്ടികളുമായി കഴിയുന്നിടത്തോളം സഖ്യമുണ്ടാക്കുന്നതില്‍ പ്രതിപക്ഷം വന്‍ പരാജയമായിരുന്നു. ഇതേ അവസ്ഥയിലാണ് ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറും പരസ്പരം യോജിച്ച് ബി.ജെ.പിയെ ഭരണത്തില്‍ നിന്നകറ്റിയതെന്നത് ബീഹാറിലെ വിജയം പരിശോധിച്ചാല്‍ വ്യക്തമാകും. ആസാമിലും ഇതാണ് സംഭവിച്ചത്. സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ബി.ജെ.പി വിജയപൂര്‍വം അത് നടപ്പിലാക്കുകയും ചെയ്തു. ആസാം തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം കോണ്‍ഗ്രസിന് മുമ്പത്തേക്കാള്‍ വര്‍ധിച്ചപ്പോള്‍ ബി.ജെ.പി താഴോട്ട് പോകുകയാണുണ്ടായത്. എന്നാല്‍ വിജയത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ മുന്നിലെത്തുകയും ചെയ്തു. പല കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടിയത് ബി.ജെ.പിക്ക് അധികാര പദവിയിലേക്ക് കരുത്തുപകര്‍ന്നു.
പരാജയത്തിന്റെ താഴെത്തട്ടില്‍ നിന്ന് വിജയ സോപാനത്തിലേക്ക് കയറിപ്പറ്റാന്‍ പയറ്റാവുന്ന തന്ത്രങ്ങളെല്ലാം ബി.ജെ.പി പുറത്തെടുത്തിരുന്നു. പാക്കിസ്താനെതിരായ മിന്നലാക്രമണം (അത് സത്യമാണെങ്കില്‍) വലിയ നേട്ടമായി പ്രചരിപ്പിച്ചു. പാക്കിസ്താന്‍ പാഠം പഠിച്ചതായും അതിന്റെ ഫലമായി തീവ്രവാദികള്‍ പത്തി മടക്കിയതായും പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.
ഉത്തര്‍പ്രദേശിലെ ജാതി ഗണിതശാസ്ത്രം വര്‍ഗീയ ഗണിതശാസ്ത്രമായി ഏറ്റെടുത്തു. അതേസമയം ജാതി സമവാക്യങ്ങളുടെ പ്രശ്‌നങ്ങള്‍ തുടരുകയും ജാതി അടിസ്ഥാനമാക്കിയ താല്‍പര്യങ്ങളും ആഗ്രഹങ്ങളും കൂറും മറികടക്കാന്‍ മതത്തിന്റെ അതിര്‍ വരമ്പ് വരയ്ക്കുകയും ചെയ്തു. ശരിയായ അര്‍ത്ഥത്തില്‍ സഖ്യമുണ്ടാക്കുന്നതില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. എസ്.പിയും ബി.എസ്.പിയും തമ്മില്‍ വളരെ അന്തരമുണ്ടെന്നും അവര്‍ക്ക് പരസ്പരം സഹകരിക്കാനാവില്ലെന്നുമാണ് വാദം. എന്നാല്‍ ബീഹാറിലെ അനുഭവം നോക്കൂ. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ച് മത്സരിച്ച അവര്‍ക്ക് പരാജയപ്പെടാതിരിക്കാന്‍ പിന്നീട് യോജിച്ച് മത്സരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു.
കഴിഞ്ഞ നിയമസഭയില്‍ 86 മുസ്‌ലിം എം.എല്‍.എമാരുണ്ടായിരുന്നപ്പോള്‍ ഈ സഭയില്‍ വെറും 24 പേര്‍ മാത്രമാണുള്ളത്. മുത്തലാഖ് പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നതിനാല്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തുവെന്ന വാദം തെറ്റാണ്. മുത്തലാഖ് പ്രശ്‌നം മുസ്‌ലിം സ്ത്രീകളെ വന്‍തോതില്‍ ആശങ്കാകുലരാക്കുകയാണ് ചെയ്യുന്നത്. മുസഫര്‍ നഗര്‍ കലാപത്തിന്റെ ഓര്‍മ്മയില്‍ അവര്‍ ഒരിക്കലും ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. ഏതൊരു കലാപത്തിലും ഇരകളാകുന്നത് മുസ്‌ലിംകളും മുസ്‌ലിം സ്ത്രീകളുമാണ്. വീണ്ടും സംഘ്പരിപാരത്തെ വിശ്വാസത്തിലെടുക്കുന്നത് മുറിവില്‍ ഉപ്പു പുരട്ടുന്നതുപോലെയാണവര്‍ക്ക്.
ഇപ്രാവശ്യം ഒരു മുസ്‌ലിമിനു പോലും ബി.ജെ.പി സീറ്റ് നല്‍കിയില്ല എന്നതാണ് രസകരം. മുസ്‌ലിംകളുടെ വോട്ടില്ലാതെ തന്നെ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് അവര്‍ നല്‍കിയ മറുപടി. സംഭവിച്ചതുപോലെ തന്നെ യു.പിയില്‍ മുസ്‌ലിം വോട്ടുകള്‍ ചിതറിപ്പോകുമെന്നായിരുന്നു അവര്‍ മനസിലാക്കിയിരുന്നത്. എസ്.പിക്കും ബി.എസ്.പിക്കുമിടയില്‍ മുസ്‌ലിംകള്‍ ശക്തമായ ആശയക്കുഴപ്പത്തിലായി. വര്‍ഗീയ ശക്തികളുടെ വിജയത്തില്‍ ഇത്തരത്തില്‍ തങ്ങള്‍കൂടി പങ്കാളികളായതില്‍ അവരിപ്പോള്‍ കടുത്ത ദുഃഖിതരാണ്.
ഹിന്ദുക്കളോട് അനീതിയാണ് കാണിക്കുന്നതെന്നും ഇത് വിജയകരമായി പരിഹരിക്കാന്‍ ബി.ജെ.പിക്കു മാത്രമേ കഴിയൂവെന്നതായിരുന്നു വലിയ തോതിലുള്ള പ്രചാരണം. ഇതിന്റെ ഫലമായി യാദവ വോട്ടിന്റെ സിംഹ ഭാഗവും എസ്.പിക്കും ജാദവരുടേത് ബി.എസ്.പിക്കും മറ്റ് പ്രധാന ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഇതോടെ മുസ്‌ലിം സമുദായം തെരഞ്ഞെടുപ്പ് കളരിയില്‍ പൂര്‍ണമായും പ്രാന്തവത്കരിക്കപ്പെട്ടു.
വികസന അജണ്ട, ജന്‍ ധന്‍ യോജന, ഉജ്വാവാലാ യോജന തുടങ്ങിയവക്കു കിട്ടിയ വിജയമാണെന്നാണ് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു നടക്കുന്നത്. സത്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. ഇപ്രാവശ്യം ആഴത്തില്‍ മത ധ്രുവീകരണം നടന്നതിനൊപ്പം വികസനം സംബന്ധിച്ച പ്രചാരണങ്ങളും തുല്യ അളവില്‍ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട സമുദായ വര്‍ഗീയവത്കരണത്തിന്റെ മൂര്‍ധന്യാവസ്ഥ ഇതാണ്.