Connect with us

Video Stories

നാക്കിലിരിപ്പ്

Published

on

ചക്കയുടെ ഗുണമറിയാന്‍ ചൂഴ്ന്നുനോക്കുന്നതുപോലെ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിന്റെ മനമറിയാന്‍ ആ തടിയും വയറും നോക്കിയാല്‍ പോരാ. അതിയാന്റെ നാവില്‍നിന്നെന്താണ് വരുന്നതെന്നുകൂടി കേള്‍ക്കണം, ഓരോമണിക്കൂറിനും. അതായത് എല്ലില്ലാത്ത നാവ്. വി.എസ് പക്ഷം, പിണറായിപക്ഷം എന്നൊക്കെപോലെ കേരളകോണ്‍ഗ്രസ് വിഭാഗങ്ങള്‍, വി.എസ്.ഡി.പി, സ്വതന്ത്രന്‍, ജനപക്ഷം തുടങ്ങിയവപോലെ തരാതരംനോക്കിയല്ല, സമയാസമയം നോക്കിയാണ് ആ അനര്‍ഗളപ്രവാഹം. മൂപ്പര്‍ക്ക് ഒരൊറ്റലക്ഷ്യമേയുള്ളൂ. നാട് നന്നായി കാണണം. അതിന് എതിരുനില്‍ക്കുന്നവരെയൊക്കെ കട്ടയ്ക്ക്‌നിന്ന് അടിച്ചൊതുക്കും. അതിനീ തടിയൊന്നും വേണ്ട. അര്‍ജുനന് ആവനാഴി പോലെ ആയുധമെല്ലാം പിറന്ന പടികിട്ടിയ ആ നാവ് മതി.
സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് മറ്റേവിചാരം കൊണ്ടല്ലേ..തുടങ്ങി വന്ദ്യവയോധിക നേതാവ് കെ.ആര്‍ ഗൗരിയമ്മയെവരെ അധിക്ഷേപിക്കാനും പി.സി ക്ക് ഒട്ടും കൂസലില്ല. ഹൈറേഞ്ചില്‍ പി.സിയെ വെല്ലാന്‍ പിന്നെ ഒരാളേയുള്ളൂ. അത് മണിയാശാനാണ്. കോതയ്ക്ക് പാട്ടെന്ന് പറഞ്ഞാലും വേണ്ടില്ല. എല്ലാം കഴിഞ്ഞ് കോട്ടയം പ്രസ്‌ക്ലബ് കയറി ഒരു മാപ്പങ്ങ് തട്ടും.
ആക്രമിക്കപ്പെട്ട നടിക്കെതിരെ മാത്രമല്ല, വേണ്ടിവന്നാല്‍ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയെവരെ വിരട്ടിനോക്കും. കമ്മീഷന്‍ അധ്യക്ഷ പക്ഷേ ഒരു പിടുത്തമങ്ങിട്ടു: സ്ത്രീകളെ ആക്ഷേപിച്ചതിന് ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി വിശദീകരണം തരണം. അതിന് പണമില്ലെന്നായി ജോര്‍ജ്. എന്നാല്‍ അതെഴുതിത്തരണമെന്ന് രേഖാശര്‍മയും. ഹോ. ഇതൊക്കെ വല്യകാര്യോ മറ്റോ ആണോ എന്ന് പി.സിയും. നേരെ പി.സി പോയത് രേഖയുടെ മടയിലേക്ക്. കോട്ടയം പൂഞ്ഞാര്‍ മണ്ഡലത്തിലെ എരുമേലി ശബരിമലയില്‍പെടുന്നതിനാല്‍ നല്ല സ്‌കോപ്പുമുണ്ട്. ബി.ജെ.പിയുടെ ഒ. രാജഗോപാലുമൊത്ത് പി.സി നിയമസഭയിലേക്ക്. വേഷം കട്ടക്കറുപ്പ്. സര്‍ക്കാരിനെതിരെ യു.ഡി.എഫ് പോരാടുമ്പോള്‍ ജോര്‍ജും രാജഗോപാലും സൊറ പറഞ്ഞിരുന്നു. ഇനിയുള്ള കാലം കേരളത്തിലെ സത്യക്രിസ്ത്യാനികളെല്ലാം പൂഞ്ഞാര്‍വഴി ബി.ജെ.പിയിലെത്തുമെന്ന് ചിലര്‍ നാവില്‍ വെള്ളമൂറ്റിയിരിക്കുമ്പോഴാണ് അതാ പി.സിയുടെ അടുത്ത ലോങ്ജംപ്. ഇത്തവണ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറുണ്ടെന്ന് പറഞ്ഞാണ് അച്ചായന്‍ വാര്‍ത്തയായത്.
വാര്‍ത്തയില്ലാതെ എന്ത് സേവനമെന്നാണ് പി.സിയുടെ ചോദ്യം. നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ജോര്‍ജിനും അതുകണ്ട് ചാനലുകാര്‍ക്കും നാട്ടുകാര്‍ക്കും സന്തോഷം. തൃശൂരിലെ ടോള്‍ പ്ലാസയില്‍ ടിയാന്റെ കാര്‍ കൗണ്ടറിലെ ബംഗാളിപയ്യന്‍ തടഞ്ഞിട്ടു. എം.എല്‍.എ രക്തം തിളച്ചു. സിനിമാസ്റ്റൈലില്‍ വെഹിക്കിള്‍ സ്റ്റോപ്പര്‍ വളയ്ച്ച് നാല് തെറിവിളി. സ്‌റ്റോപ്പര്‍ ഉയര്‍ന്നു. തൊഴിലാളികളുടെ പ്രശ്‌നത്തിലിടപെട്ട് തോക്കെടുത്ത് ആഞ്ഞ പി.സിയെയും മലയാളി കണ്ടു. വെടിവെച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല. അതാണ് പ്ലാത്തോട്ടത്തില്‍ ജോര്‍ജ്. തോട്ടത്തില്‍ കുറെവെച്ചതാ. കൊള്ളാതായതോടെയാണ് നാട്ടിലിറങ്ങിയത്. കേരള കോണ്‍ഗ്രസ് മാണിയില്‍നിന്ന് പുറത്താക്കിയപ്പോള്‍ എ.കെ.ജി സെന്ററില്‍ കയറിയെങ്കിലും 2016ല്‍ സി.പി.എം പി.സി ഇല്ലാതെ പൂഞ്ഞാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ജോര്‍ജുണ്ടോ വിടുന്നു. നേരെ ചെന്നങ്ങ് നോമിനേഷന്‍ കൊടുത്തു. കൈവിട്ട കളിയാണെന്നറിയാഞ്ഞിട്ടല്ല. വോട്ടെണ്ണിയപ്പോള്‍ 27,821 വോട്ടിന് വിജയിച്ചിരിക്കുന്നു. ഇരുമുന്നണിയോടും പടവെട്ടി ജോര്‍ജ് നേടിയ വിജയം രാഷ്ട്രീയത്തില്‍ പിന്നെ എന്തിനുമുള്ള ലൈസന്‍സായി. യു.പി.എയുടെ കേന്ദ്ര ഭരണം അടുത്തുവരുന്നു. ഇനി കാവിയും കമ്യൂണിസ്റ്റും പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഒരു കത്ത് ചെന്നിത്തലക്ക് കൊടുത്തു. വരട്ടെ, നോക്കാം.
പൂഞ്ഞാര്‍ പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ചാക്കോയുടെ പുത്രന്‍ മകന്‍ ഷോണിനെയും നേരെ തന്റെ ലാവണത്തിലെടുത്തിട്ടു. പയറ്റിവാടാ മക്കളേ. ചാനല്‍ ചര്‍ച്ചക്ക് മോനെങ്കിലും ഉണ്ടല്ലോ. ഭാവി മലര്‍ന്നുകിടക്കുന്നു. ഈരാറ്റുപേട്ടയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഭാര്യ ഉഷയും ഇളയമകന്‍ ഷേനുമുണ്ട് കൂടെ. മരുമകള്‍ നടന്‍ ജഗതിയുടെ മകള്‍ പാര്‍വതി. 2011-15 കാലത്ത് കേരളകോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാനായിരിക്കെ സര്‍ക്കാര്‍ ചീഫ്‌വിപ്പ് ഇട്ടെറിഞ്ഞ് പോയത് കുരുത്തക്കേട് കൊണ്ടാണെന്ന് കെ.എം മാണി. അതോടെ മാണിസാര്‍ വെറും മാണിയായി. ഇടക്ക് ജോസഫിനൊപ്പവുംകൂടി. പിന്നെ സെക്യുലര്‍ കേരളകോണ്‍. ഉണ്ടാക്കി. 1970കളില്‍ കെ.എസ്.സിയിലൂടെ അറസ്റ്റുവരിച്ചാണ് തുടക്കം. മൂന്നു സിനിമകളിലും തലകാട്ടി. ’80 മുതല്‍ആറു തവണ എം.എല്‍.എയായിട്ടും മന്ത്രിപ്പണി കിട്ടിയില്ലെന്ന ചോദ്യത്തിന് കയ്യിലിരിപ്പ്, അല്ല നാവിലിരിപ്പ് തന്നെയാണ് ഉത്തരം. ശത്രുക്കള്‍ പി.സിയുടെ ശത്രു അയാളുടെ നാവാണെന്ന്് പറയും. എന്തുചെയ്യാന്‍. സ്വന്തമായിപ്പോയില്ലേ. അതിനെയും തള്ളിപ്പറയാന്‍ പറ്റില്ലല്ലോ.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending