തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് പോകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പിസി ജോര്‍ജ് എംഎല്‍എ. ഇന്നലെ മനോമ ന്യൂസ് ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. താങ്കല്‍ ഇപ്പോള്‍ ഒരു മുന്നണിയിലും ഇല്ലല്ലോ, ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാന്‍ വല്ല തീരുമാനവുമുണ്ടോ എന്നായിരുന്നു ചോദ്യം.

‘എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ…’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജോസ് കെ മാണിയെ ഒന്ന് കൊട്ടാനും ജോര്‍ജ് മറന്നില്ല.

‘കെഎം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാര്‍ട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താന്‍ പരിശുദ്ധനാണ് എന്ന് പറയിപ്പിച്ച ജോസ് കെ മാണിയുടെ മിടുക്കിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. കാരണം സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസ്’ – പിസി ജോര്‍ജ് പറഞ്ഞു.

കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം താന്‍ കണ്ടിട്ടുണ്ടെന്നും ജോര്‍ജ് അവകാശപ്പെട്ടു.