പ്രേക്ഷകര്‍ ഹിറ്റാക്കിയ ബാഹുബലി-2 ഇപ്പോഴും തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ നടി തമന്നക്ക് പ്രാധാന്യമുണ്ടായിരുന്നെങ്കിലും രണ്ടാം ഭാഗത്തില്‍ താരത്തെ അവഗണിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ചിത്രീകരണത്തിനായി യുദ്ധരംഗങ്ങളിലെ അഭ്യാസങ്ങള്‍ പരിശീലിക്കുകയാണ് താനെന്ന് നടി വ്യക്തമാക്കിയിരുന്നെങ്കിലും ചിത്രം റിലീസ് ചെയ്തപ്പോള്‍ ഒരു ഡയലോഗു പോലുമില്ലാതെ തമന്നയെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാ രഹിതമാണെന്ന് തമന്ന പിന്നീട് വ്യക്തമാക്കി.

ക്ലൈമാക്‌സ് സീനില്‍ തന്റെ കഥാപാത്രം ഇല്ലെന്ന കാര്യം തനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ തന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും മനസിലാക്കിയിരുന്നു. ബാഹുബലി 2ന്റെ ക്ലൈമാക്‌സില്‍ താന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ലെന്നും തമന്ന വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുശേഷമിതാ തമന്നയെ ഫേസ്ബുക്കും ഒഴിവാക്കിയിരിക്കുന്നു. ഫേസ്ബുക്കിലെ ബാഹുബലി സ്റ്റിക്കേഴ്‌സില്‍ തമന്ന ഇല്ല. ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവഗാമിയും കാലകേയനും ഫേസ്ബുക്കിലുണ്ട്. അതില്‍ തമന്ന മാത്രം ഇല്ല. ഫേസ്ബുക്കില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ സ്റ്റിക്കര്‍ ഇടം നേടുന്നത്. എന്നാല്‍ അതില്‍ തമന്ന ഇല്ലെന്നുള്ളത് അവരെ തഴഞ്ഞതിന് തെളിവാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.