അജേഷ് പാറക്കല്‍

പൊന്നാനിയിലും മലപ്പുറത്തും ‘വർഗീയ’ കക്ഷിയായ മുസ്‌ലിം ലീഗിനെ തോൽപിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന വൈരുദ്ധ്യാത്മക ഭൗതിക വാദക്കാർ അറിയാൻ…

ഇതിനു മുൻപൊരിക്കലും ആഗ്രഹിക്കാത്തപോലെ, ഇത്തവണ മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികൾ ജയിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതിന്റെ കാരണത്തിലേക്ക് വരാം.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർഗ്ഗ സമരത്തിന്റെ അലയൊലികളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ അവതരിച്ച കമ്യൂണിസത്തിന് ഇന്ത്യയിലെ ജാതി എന്ന സമൂഹ യാഥാർഥ്യം തിരിച്ചറിയാൻ വൈകിയതാണ് അതിനു പറ്റിയ അപചയം എന്ന് അതിന്റെ നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും ജാതിയിലധിഷ്ഠിതമായ സാമൂഹ്യ ഉച്ചനീചത്വത്തെ അഡ്രെസ്സ് ചെയ്യുന്നതിൽ ഇപ്പോഴും ഇടതുപക്ഷം പരാജയമാണ് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് സാമ്പത്തിക അടിസ്ഥാനത്തിൽ ചെയ്ത മുന്നാക്ക സംവരണത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച അവരുടെ നിലപാട്. സ്വീകരിക്കുക മാത്രമല്ല അത് തങ്ങളുടെ മുന്നേയുള്ള ആവശ്യമാണ് എന്ന് പറഞ്ഞ് അതിന്റെ പിതൃത്വം ഏറ്റെടുക്കുക കൂടി ഉണ്ടായി. സാമ്പത്തിക ഉന്നമനമല്ല സംവരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം എന്ന പാഠം മറന്ന്, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെല്ലാം ഒന്നിച്ചു കയ്യടിച്ചു പാസാക്കിയ സാമ്പത്തികാടിസ്ഥാനത്തിലുള്ള മുന്നാക്ക സംവരണ നിയമത്തിന്റെ ഏടുകൾ മറിചാൽ അതിൽ മൂന്നു മഹാരഥൻമാരുടെ വിയോജനത്തിന്റെ, എതിർപ്പിന്റെ കുറിപ്പുകൾ കാണാം. ലോക്സഭയിലെ 323 അംഗങ്ങൾ അനുകൂലിച്ച് വോട്ടു ചെയ്തപ്പോൾ അതിനെ എതിർത്ത ആ മൂന്നു പേര്. അസദുദീൻ ഒവൈസിയോടൊപ്പം നിന്ന കേരളത്തിലെ മുസ്ലിം ലീഗിന്റെ രണ്ടു എംപിമാർ. സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനക്ക് എതിരാണ് എന്ന് വാദിച്ചവർ. ദളിതരുടെയും ആദിവാസികളുടെയും സംവരണം അവരുടെ സാമൂഹ്യമായ ഉന്നമനം ലക്‌ഷ്യം വെച്ചാണ് എന്ന് ഉറക്കെ പറഞ്ഞവർ. ആ ഒറ്റക്കാരണം കൊണ്ട്, അതുകൊണ്ട് കൂടി ഇത്തവണ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും ജയിക്കണം.. പാണക്കാട്ടെ ബിരിയാണിയുടെ കഥകളൊക്കെ പരിഹാസച്ചുവയോടെ പങ്കുവെക്കുന്ന ദളിതരും ആദിവാസികളുമുൾപ്പെടുന്ന കേരളത്തിലെ ‘പ്രബുദ്ധ’ പാർട്ടികളുടെ അണികൾ സാമ്പത്തിക സംവരണ ബില്ലിന്റെ കാര്യം കൂടി ഒന്നോർക്കണം, ചെറിയ നീറ്റൽ തോന്നും ചങ്കിനകത്ത്, ഇന്ത്യയിലെ സാമൂഹ്യ യാഥാർഥ്യങ്ങളെക്കുറിച്ച് അല്പമെങ്കിലും ബോധ്യമുണ്ടെങ്കിൽ.