ഉറുഗ്വേയുടെ ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്‍ ഐ.എസ്.എല്ലിലെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് ഈ സീസണിലെ ആദ്യ തോല്‍വി.

കൊല്‍ക്കത്തയുടെ കളിമുറ്റമായ രബിന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തില്‍ 79-ാം മിനുട്ടിലാണ് ഉറുഗ്വേയുടെ ഇതിഹാസതാരം ലക്ഷ്യം കണ്ടത്. സോണി നോര്‍ദെയുടെ ക്രോസ് പ്രതിരോധത്തില്‍ തട്ടി തന്റെ മുന്നിലെത്തിയപ്പോള്‍ ക്ലോസ് റേഞ്ചില്‍ നിന്നുള്ള കരുത്തനടിയിലൂടെ ഫോര്‍ലാന്‍ വലകുലുക്കുകയായിരുന്നു.

രണ്ട് സമനിലകള്‍ക്കും തോല്‍വികള്‍ക്കും ശേഷമുള്ള ജയത്തോടെ നീലപ്പട ഐ.എസ്.എല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഇടതുബോക്‌സില്‍ പന്ത് സ്വീകരിച്ച സോണി നോര്‍ദെ രണ്ട് ഡിഫന്റര്‍മാരെ ഡ്രിബിള്‍ ചെയ്ത് തൊടുത്ത ക്രോസ് പ്രബീര്‍ ദാസിന്റെ കാലില്‍ തട്ടി ഫോര്‍ലാന്റെ മുന്നിലെത്തി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഫോര്‍ലാന്‍ കരുത്തുറ്റ ഷോട്ടുതിര്‍ന്നപ്പോള്‍ സേവ് ചെയ്യാനുള്ള ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന്റെ ശ്രമം ഫലിച്ചില്ല.

ബോക്‌സിനു തൊട്ടുമുന്നില്‍ വെച്ച് ഹ്യൂമിനെ മുംബൈ പ്രതിരോധം വീഴ്ത്തിയപ്പോള്‍ റഫറി ഫ്രീകിക്ക് അനുവദിച്ചു. കിക്കെടുത്ത ഹവി ലാറ പ്രതിരോധമതില്‍ പിളര്‍ന്നെങ്കിലും പന്ത് വലയിലെത്തുംമുമ്പ് ആല്‍ബിനോ ഗോമസ് സാഹസികമായി പന്ത് തട്ടിയകറ്റി.