മുഹമ്മദ് കക്കാട്
മുക്കം

കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പ് കുയ്യില്‍ തച്ചമ്മത്തൊടിക ഷരീഫാ ബീവിയുടെ നെഞ്ചിടിപ്പ് കൂടി ക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല, ഗെയില്‍ വാതകക്കുഴല്‍ സ്ഥാപിക്കുന്നതിനായി നിലമൊരുക്കുന്ന ജെ.സി.ബി കണ്ണെത്തും ദൂരത്തെത്തി. ഇന്നൊ നാളെയൊ ഇവരുടെ വീട് പോകും.

‘ഞാന്‍ ഇനി എവിടെ താമസിക്കും?’ ഷരീഫാ ബീവി വിതുമ്പി. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് അവിവാഹിതയായ ഷരീഫാ ബീവി. ഇവരൊറ്റയ്ക്കാണിവിടെ താമസം. വേറെ വീ ടോ പറമ്പോ ഒന്നുമില്ല. മകളുടെ കാര്യത്തില്‍ കുഞ്ഞിക്കോയ തങ്ങളും ബീക്കുട്ടി ബീവിയും ബേജാറിലാണ്. മാനസിക രോഗിയായ പിതാവിനും വൃദ്ധയായ മാതാവിനുമുള്ള വീടും കുടിയായാണ് ഷരീഫാ ബീവി തന്റെ വീടിനെ കണ്ടിരുന്നത്. എല്ലാവരും ഇപ്പോള്‍ ആശങ്കയിലാണ്.

സര്‍ക്കാറും ഗെയില്‍ അധികൃതരും പറയുന്നതുപോലെ വീട് പൂര്‍ണമായി ഒഴിവാക്കുക എന്നത് ഇവിടെ പ്രായോഗികമല്ല. ഇതാണ് ആശങ്ക കൂടാന്‍ കാരണം. അയവാസിയായ അയ്യൂബ് സഖാഫിയും ഏറെ ഭീതിയിലാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച വീടിന്റെ പണി ഏറക്കുറെ പൂര്‍ത്തിയായിട്ടേയുള്ളൂ. ഈ മാസം താമസമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഗെയില്‍ ഭീഷണിയുണ്ടായത്. നേരത്തേ കേട്ടതാണെങ്കിലും വീടുകള്‍ ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. സഖാഫിയുടെയും ഷരീഫാ ബീവിയുടെയും വീടുകള്‍ തമ്മിലുള്ള അകലം അഞ്ചോ ആറോ മീറ്റര്‍ മാത്രം. ഇതിനിടയിലൂടെയാണ് വാതകക്കുഴല്‍ അടയാളമിട്ടത്. വീടുകള്‍ തകര്‍ക്കാതെ ഇവിടെ പത്ത് മീറ്റര്‍ പോലും ലഭ്യമല്ല. ജനവാസ മേഖല ഒഴിവാക്കാന്‍ തയ്യാറാകാത്ത ക്രൂരതയുടെ നിത്യസ്മാരകമായിരിക്കും ഇവിടം.