കൊല്‍ക്കത്ത: ഐ ലീഗിലെ മൂന്നാം മത്സരത്തില്‍ ഗോകുലം കേരള എഫ്.സി ഇ്ന്ന് ഐസ്വാള്‍ എഫ് സിയെ നേരിടും. മോഹന്‍ബഗാന്റെ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം. ആദ്യമത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം പഞ്ചാബ് എ്ഫ്.സിക്കെതിരായ രണ്ടാം മത്സരത്തില്‍ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്  കേരള ക്ലബ് മിസോറാം ടീമിനെ നേടിരുന്നത്. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ഉജ്ജ്വലമായ മടങ്ങിവരവില്‍ 4-3 എന്ന സ്‌ക്കോറിലായിരുന്നു ഗോകുലത്തിന്റെ ജയം.

ഘാന താരങ്ങളായ ഡെന്നിസ് അന്ടവിയിലും ഫിലിപ് അഡ്ജായിലുമാണ് ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇറങ്ങിയ ജിതിനും സോഡിങ്‌ലിയാനയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു മത്സരത്തില്‍ നിന്നും അന്ടവി മൂന്ന് ഗോളും അഡ്ജ ഒരു ഗോളും ഒരു അസിസ്റ്റും നേടി.

ഐ ലീഗില്‍ ഒരിക്കല്‍പോലും ഐസ്വാള്‍ എഫ് സിയെ തോല്‍പിക്കാനായില്ലെന്ന നാണക്കേട് ഒഴിവാക്കുക കൂടിയാണ് ഗോകുലം ലക്ഷ്യമിടുന്നത്. രണ്ടു മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുമായി ഗോകുലം ഇപ്പോള്‍ ആറാം സ്ഥാനത്താണുള്ളത്. വണ്‍ സ്‌പോര്‍ട്‌സ് ചാനലിലും 24 ന്യൂസിലും മത്സരം തത്സമയസംപ്രേഷണമുണ്ടാകും.