ടി.കെ ഷറഫുദ്ദീൻ

കോഴിക്കോട്: അവകാശവാദങ്ങളില്ലാതെ കൊല്‍ക്കത്തയിലെത്തി അഭിമാനനേട്ടത്തിലേക്ക് പന്ത്തട്ടിയ ഗോകുലം കേരളയ്ക്ക് ചാലകശക്തിയായത് മലയാളിക്കൂട്ടം. ട്രാവു എഫ്.സിയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ഗോകുലത്തിനായി ലീഡ് നേടി ചരിത്രത്തിലേക്ക് നിറയൊഴിച്ചത് വയനാട്ടുകാരനായ എമില്‍ബെന്നിയാണ്. വിജയമുറപ്പിച്ച നാലാം ഗോള്‍പിറന്നത് വയനാട്ടുകാരനായ മുഹമ്മദ് റാഷിദിന്റെ ബൂട്ടില്‍നിന്ന്. കൊല്‍ക്കത്തയിലെ കെ.ബി.കെ സ്റ്റേഡിയത്തില്‍ ഐലീഗ് കിരീടമുയര്‍ത്തുമ്പോള്‍ റിയല്‍ മലബാറിയന്‍സായി ഗോകുലം കേരള.

കഴിഞ്ഞ സീസണ്‍ മുതല്‍ ഗോകുലം നിരയിലുള്ള എമില്‍ബെന്നി മലയാളിക്ലബിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. ഫൈനലിലെ താരവുമായി. ഈസീസണില്‍ രണ്ട് ഗോളുകളാണ് താരം സ്‌കോര്‍ചെയ്തത്. ക്ലബ് ആരംഭകാലംമുതല്‍ ഗോകുലംക്യാമ്പിലുള്ള മുഹമ്മദ് റാഷിദ് മധ്യനിരയിൽ എന്നും മലബാറിയൻസിന്റെ വിശ്വസ്തപോരാളിയാണ്. ഗോകുലം ക്യാപ്റ്റനായും തിളങ്ങിയ റാഷിദ് നിര്‍ണായകമത്സരങ്ങളില്‍ ഇതിനുമുന്‍പും സ്‌കോര്‍ചെയ്തിട്ടുണ്ട്.
ഐലീഗില്‍ ഗോകുലത്തിന്റെ ഗോള്‍പോസ്റ്റിന് മുന്നില്‍ ചോരാത്തകൈകളുമായി നിലയുറപ്പിച്ചത്കൂത്തുപറമ്പുസ്വദേശി സി.കെ ഉബൈദാണ്.

കഴിഞ്ഞ സീസണ്‍മുതല്‍ ടീമിനൊപ്പമുള്ള ഉബൈദ്, ഗോകുലം ഡ്യൂറന്റ്കപ്പ് സ്വന്തമാക്കുന്നതിലും നിര്‍ണായകപ്രകടനം നടത്തിയിരുന്നു. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉബൈദിന്റെ തകര്‍പ്പന്‍ സേവുകളാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. തൃശൂര്‍കാരന്‍ എം.എസ് ജിതിന്‍, കോഴിക്കോട് കൊടുവള്ളിക്കാരന്‍ താഹിര്‍സമാന്‍, മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സല്‍മാന്‍, കരുവാരക്കുണ്ട് സ്വദേശി ഷിബില്‍ മുഹമ്മദ് എന്നിവരും ടീം മലബാറിയന്‍സ് നിരയുടെ യംഗ്കരുത്തായി. ഗോകുലത്തിനായി നിരവധിതവണ ലക്ഷ്യംകണ്ട ഈ താരങ്ങളുടെ സാന്നിധ്യം കേരള ക്ലബിൽ നിർണായകമായി.
ഗോള്‍കീപ്പിംഗില്‍ രണ്ടാംഗോളിയായി പി.എ അജ്മല്‍, പ്രതിരോധനിരയിലെ അലക്‌സ് സജി, ജസ്റ്റിന്‍ ജോര്‍ജ്ജ്, ജാസിം എന്നീ മലയാളിതാരങ്ങളും സ്വപ്നനേട്ടത്തില്‍ ഗോകുലം ടീമിന്റെ ഭാഗമായി. നാല് വര്‍ഷത്തെമാത്രം കരിയര്‍ഗ്രാഫില്‍ കേരള പ്രീമിയര്‍ലീഗ്, ഡ്യൂറന്റ്കപ്പ്, വനിതാലീഗ് ഫുട്‌ബോള്‍ കിരീടം ഷെല്‍ഫിലെത്തിച്ച യുവസംഘത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ പ്രതികൂലസാഹചര്യത്തിലും പൂര്‍ണപിന്തുണയോടെ നിലയുറപ്പിച്ച മികച്ച സപ്പോർട്ടിംഗ് സ്റ്റാഫും ടീം മാനേജ്‌മെന്റുമാണ്.

ഇറ്റലിയ്ക്കാരനായ മുഖ്യപരിശീലകന്‍ വിന്‍സെന്റ് ആല്‍ബെര്‍ട്ടോ അനീസെ, ഫിറ്റ്‌നെസ് കോച്ച് ബ്രസീലുകാരന്‍ ഗാര്‍ഷ്യമിറാന്‍ഡ കിരീടനേട്ടത്തിലേക്ക് യുവനിരയെ ഒരുക്കുന്നതില്‍ മുഖ്യപങ്ക്‌വഹിച്ചു. അസി.കോച്ച് ഷെരീഫ് ഖാന്‍, ഗോള്‍കീപ്പര്‍ കോച്ച് മിലിന്ദ് സാവന്ത്, പെര്‍ഫോമന്‍സ് അനലിസ്റ്റായി മുന്‍ഫുട്‌ബോളര്‍ ഐ.എം വിജയന്റെ മകന്‍ ആരോമല്‍ എന്നിവരുമുണ്ടായിരുന്നു.