കൊല്ലം: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും ഹിന്ദുത്വ തീവ്രവാദികളുടെ അക്രമം. പശുക്കടത്ത് ആരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപാരികളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. അക്രമത്തില്‍ പരിക്കേറ്റ കൊട്ടാരക്കര സ്വദേശികളായ ജലീല്‍, ജലാല്‍, ഷിബു എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയങ്കര ചന്തയില്‍ നിന്ന് നാല് പശുക്കളെ വണ്ടിയിലാക്കി കൊട്ടാരക്കരയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പശുസംരക്ഷകരെന്ന പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉത്തരേന്ത്യയില്‍ മുസ്‌ലിംകളെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സര്‍വസാധാരണയായി മാറിയതോടെ മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ല. പശു സംരക്ഷണത്തിന്റെ മറവില്‍ ആര്‍.എസ്.എസ് മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു എന്നതാണ് ഈ സംഭവം നല്‍കുന്ന സൂചന.