കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങൾ ചെറുതല്ല. ലക്ഷക്കണക്കിന് ജീവനഷ്ടത്തിന് കാരണമായ ഈ വൈറസ് രോഗം ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും പിടിച്ചുലച്ചു. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിലും മറ്റുമായി കോടിക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായി. നിരവധി വ്യവസായ മേഖലകൾ തകർന്നു നിലംപരിശായി.

ഒരു കായിക ഇനം എന്നതിനപ്പുറത്തേക്ക് വലിയൊരു വ്യവസായം തന്നെയായ ഫുട്‌ബോളിനും കൊറോണ വൈറസ് വരുത്തിവെച്ച നഷ്ടം ചില്ലറയല്ല. മാസങ്ങളോളമാണ് ഫുട്‌ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ. ഇതുമൂലം വൻ നഷ്ടമാണ് ഫുട്‌ബോൾ മേഖലക്കുണ്ടായത്.

കോവിഡ് കാരണം പ്രൊഫഷണൽ ഫുട്‌ബോൾ മേഖലക്കുണ്ടായ ഏകദേശ നഷ്ടത്തിന്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ഗെയിമിന്റെ ആഗോള നിയന്താക്കളായ ഫിഫ. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി 14.4 ബില്യൺ ഡോളർ അഥവാ (1,058,156,640,000 രൂപ അഥവാ 1.05 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഫിഫ പറയുന്നത്. ഫിഫയുടെ 211 അംഗ രാഷ്ട്രങ്ങളിൽ 150 പേരും അടിയന്തര ധനസഹായത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ എല്ലാവർക്കും മതിയായ സഹായം നൽകാൻ കഴിയില്ലെന്നുമാണ് ഫിഫയുടെ നിലപാട്.

ഓരോ വർഷവും ക്ലബ്ബ് ഫുട്‌ബോളിൽ നിന്നായി 40 മുതൽ 45 ബില്യൺ ഡോളർ വരെ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇതിന്റെ സിംഹഭാഗവും യൂറോപ്പിൽ നിന്നാണ്. കളി മുടങ്ങിയതും സ്റ്റേഡിയങ്ങൾ അടഞ്ഞുകിടന്നതും വലിയ തോതിൽ ബാധിച്ചത് യൂറോപ്പിനെ തന്നെ. ഫുട്‌ബോളിലെ നഷ്ടം പല രാജ്യങ്ങളുടെയും ആളോഹരി വരുമാനത്തിലും നഷ്ടമുണ്ടാക്കി. ലാറ്റിനമേരിക്കയിലും വലിയ നഷ്ടമാണ് കളി മുടങ്ങിയതു മൂലമുണ്ടായതെന്ന് ഫിഫ കോവിഡ് റിലീഫ് പ്ലാൻ തലവൻ ഓല്ലി റേൻ പറയുന്നു.

1.5 ദശലക്ഷം ഡോളർ മാത്രമാണ് അംഗരാജ്യങ്ങൾക്ക് സഹായധനമായി നൽകാൻ ഫിഫക്ക് ഇതുവരെ സാധിച്ചത്. സഹായത്തിനായുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം നൽകാമെന്ന പ്രതീക്ഷയില്ലെന്നു ഓല്ലി റേൻ പറയുന്നു. എന്തുചെയ്യാമെന്ന കാര്യത്തിൽ മറ്റ് കോൺഫെഡറേഷനുകളുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.