നേക്പൂര്‍ (ഉത്തര്‍പ്രദേശ്): ഗര്‍ഭസ്ഥശിശു ആണ്‍കുഞ്ഞാണോ എന്നറിയാല്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ശനിയാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ നേകപൂരിലാണ് സംഭവം. പന്നലാല്‍ എന്ന വ്യക്തിയാണ് മുപ്പത്തിയഞ്ചുകാരിയായ ഭാര്യയുടെ വയര്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കീറിയത്. ഗുരുതമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പ്രവീണ്‍ സിങ് ചൗഹാന്‍ എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍ അക്രമത്തിന് കാരണം ഇത് തന്നെയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇവര്‍ക്ക് ആദ്യം ജനിച്ച അഞ്ച് മക്കളും പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടി വേണമെന്ന് പന്നാലാല്‍ പറഞ്ഞിരുന്നതായി അയല്‍വാസികള്‍ പ്രതികരിച്ചു. യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബറേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.