ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ 32 വയസ്സുകാരിയായ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തില്‍ തള്ളി. ജില്ലയിലെ കചൂല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. പുലര്‍ച്ചെ അഞ്ച് മണിയ്ക്കായിരുന്നു സംഭവം. പുറത്തു പോയ യുവതി ഏറെ സമയമായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ വനപ്രദേശത്ത് കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ ഇവരെ കണ്ടെത്തിയത്. ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഈ സമയത്തു യുവതി. തുടര്‍ന്നു യുവതിയെ ആശസ്പത്രിയില്‍ പ്രവേശിപ്പിച്ച വീട്ടുകാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി യുവതിയെ ബറേലിയിലെ ആസ്പത്രിയിലേക്കു മാറ്റി.