തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശം നല്‍കിയത്. തമിഴ്‌നാട്ടുകാര്‍ ധാരാളമെത്തുന്ന ശബരിമലയിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. സുരക്ഷാ മുന്‍ കരുതലെന്ന നിലക്ക് സന്നിധാനത്തെ ആഴിക്ക് ചുറ്റും വടംകെട്ടി തിരിച്ചിട്ടുണ്ട്.

വാര്‍ത്ത വന്ന പിന്നാലെ തന്നെ കേരളത്തില്‍ നിന്ന് പോയ കെ.എസ്.ആര്‍.ടി.സി ബസുക്ള്‍ തിരിച്ചുവിളിച്ചു. തമിഴ്‌നാട്ടിലുള്ള മലയാളികളും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ചത്. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് അവര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജയയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് രാത്രിക്കു ശേഷം വാര്‍ത്താകുറിപ്പൊന്നും പുറത്തുവന്നിട്ടില്ല.