കോയമ്പത്തൂര്‍: ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. ജയലളിതയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്യൂട്ട്‌കേസ് കവര്‍ച്ചയ്ക്കിടെ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. പിടിയിലായവരെല്ലാം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്ന് പൊലീസ് അറിയിച്ചു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ പിടിയിലായിട്ടുള്ളവരാണ് പ്രതികളില്‍ ചിലര്‍.

അതിനിടെ, എേസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട പ്രതികളും അവരുടെ ചില ബന്ധുക്കളും ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. കേസിലെ ഒന്നാം പ്രതി കനകരാജ് ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രണ്ടാംപ്രതി സയനും കുടുംബവും അപകടത്തില്‍പെട്ടതാണ് കേസില്‍ ദുരൂഹത പടര്‍ത്തുന്നത്. അപകടത്തില്‍പെട്ട സയന്‍ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

സയന്റെ ഭാര്യയും മകളും കൊല്ലപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോള്‍ സയന്റെ ഭാര്യയുടേയും മകളുടെയും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതാണ് ദുരൂഹത കൂട്ടുന്നത്. ഇവര്‍ അപകടത്തിന് മുമ്പ് കൊല്ലപ്പെട്ടതാകാമെന്നും ഇത്തരത്തില്‍ ഒരേ സ്വഭാവമുള്ള മുറിവുകള്‍ രണ്ടുപേരുടെയും ശരീരത്തില്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലിലുമാണ് പോലീസ്. ഇതേ രീതിയില്‍ മുറിവുകളില്‍ അസ്വാഭാവികതയുള്ളതായി ആരോഗ്യവിദഗ്ധരും പറയുന്നു.