മുംബൈ: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി കങ്കണ റാണൗട്ടിന് വെട്ടേറ്റു. വാള്‍പയറ്റ് ചിത്രീകരിക്കുന്നതിനിടെ മുഖത്താണ് താരത്തിന് വെട്ടേറ്റത്. വാള്‍തലപ്പ് കൊണ്ട് പരിക്കേറ്റ കങ്കണയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പുരികത്തിനടിയിലാണ് കങ്കണക്ക് പരിക്ക്. 15 തുന്നലുകളുള്ളതിനാല്‍ താരം ഇപ്പോഴും ആസ്പത്രിയില്‍ തുടരുകയാണ്. ഒരാഴ്ച്ചയോളം ആസ്പത്രിയില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. സ്വാതന്ത്ര്യസമരസേനാനി റാണി ലക്ഷ്മിഭായിയുടെ ജീവചരിത്ര സിനിമയായ മണികര്‍ണിക,റാണി ഓഫ് ഝാന്‍സി എന്നീ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് കങ്കണക്ക് മുഖത്ത് വെട്ടേറ്റത്. സഹതാരം നിഹാര്‍ പാണ്ഡ്യയൊത്തുള്ള ചിത്രീകരണമായിരുന്നു. ചിത്രീകരണത്തിന് മുമ്പുതന്നെ ഡ്യൂപ്പിനെവെച്ച് ചെയ്യാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും കങ്കണ തയ്യാറായില്ല. പിന്നീട് ഇരുവരും തമ്മിലുള്ള വാള്‍പ്പയറ്റ് ചിത്രീകരിക്കുകയായിരുന്നു. ചിത്രീകരണത്തിനായി ഒരാഴ്ച്ച റിഹേഴ്‌സല്‍ നടത്തിയിരുന്നെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തലനാരിഴക്കാണ് താരം രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.