സ്വന്തം ലേഖകന്‍
കണ്ണൂര്‍ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം പട്ടികയിലെ ‘ഗള്‍ഫിലുള്ളവരെ’ ഹാജരാക്കി മുസ്്‌ലിം ലീഗ്. തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തില്‍ പ്രവാസികളുടെ പേരില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം പുറത്തുവിട്ട പട്ടികയിലെ എം സാബിത്ത്, എം മുഹമ്മദ് അന്‍വര്‍, കെവി താജുദ്ദീന്‍ എന്നിവരെയാണ് ലീഗ് ജില്ലാ നേതൃത്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. മൂന്നുപേരും സിപിഎം ആരോപണം നിഷേധിച്ചു. സിപിഎം പട്ടികയിലുള്ള 184-ാം നമ്പര്‍ വോട്ടര്‍ എം ഷബീര്‍ വോട്ട് ചെയ്തതിനുശേഷം 25ന് വിദേശത്ത് ജോലിക്ക് പോയതിന്റെ യാത്രാരേഖകളും ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി ഹാജരാക്കി. സിപിഎം പട്ടികയില്‍ 21-ാം നമ്പര്‍ വോട്ടര്‍ കെപി ജാബിര്‍ ആണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയിലെ 21-ാം നമ്പര്‍ വോട്ടര്‍ പി കമാലാണ്. കള്ളവോട്ട് വിവാദത്തില്‍ മുഖംനഷ്ടപ്പെട്ട സിപിഎം കള്ളപ്രചരണം നടത്തുന്നുവെന്നതിന്റെ തെളിവാണ് വ്യാജരേഖകളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.