കൊച്ചി: നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുമായി അകന്നതിന്റെ കാരണം അന്വേഷിച്ച് പൊലീസ്. ഇന്നലെ കാവ്യാമാധാവനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘം ഇക്കാര്യം ആരായുകയും ചെയ്തു. യുവനടിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാവ്യ എന്തുകൊണ്ട് പിന്നീട് അകന്നു എന്ന ചോദ്യമാണ് അന്വേഷണസംഘം ഉന്നയിച്ചത്. എന്നാല്‍ ഇതിന് കാവ്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. ഇരുവരും നടത്തിയ വിദേശ സ്റ്റേജ് ഷോകളെ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം. ആക്രമിക്കപ്പെട്ട നടിയുമായി സൗഹൃദം ഉണ്ടെന്നും എന്നാല്‍ സ്‌റ്റേജ് ഷോകള്‍ക്ക് പിന്നീട് അവസരം ലഭിച്ചില്ലെന്നുമായിരുന്നു കാവ്യയുടെ മറുപടി. മഞ്ജുവാര്യര്‍-ദിലീപ് വിവാഹം മോചനം സംബന്ധിച്ച കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും കാവ്യ മൗനം പാലിച്ചു. മഞ്ജുവുമായുള്ള കുടുംബബന്ധത്തിലെ തകര്‍ച്ചക്ക് നടി കാരണക്കാരിയായതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സംഭവം നടന്നതിനു ശേഷം ദിലീപിന്റെ പെരുമാറ്റ രീതിയെക്കുറിച്ചും കാവ്യയോട് പൊലീസ് ആരാഞ്ഞതായാണ് വിവരം.