തിരുവനന്തപുരം: കോട്ടയത്ത് സി.പി.എമ്മുമായി ഉണ്ടാക്കിയ കൂട്ടുകെട്ടില്‍ പ്രതികരണവുമായി കെ.എം മാണി രംഗത്ത്. കോട്ടയത്ത് നടന്നത് നിര്‍ഭാഗ്യകരമാണെന്ന് മാണി പറഞ്ഞു. നിര്‍ഭാഗ്യകരം, താന്‍ അറിഞ്ഞിട്ടില്ല. സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പി.ജെ ജോസഫിന്റെ നിലപാടാണ് തന്റെ നിലപാടെന്നും മാണി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ പാര്‍ട്ടി വിലയിരുത്തി നിലപാടെടുക്കും. കോട്ടയം ഡിസിസി വിലക്ക് വാങ്ങിയ തീരുമാനമാണിത്. കേരളകോണ്‍ഗ്രസ്സിനെ നിരന്തരം അപമാനിച്ചതിന്റെ ഫലമാണിത്. കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരന്തരം അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു. അതിലുള്ള പ്രവര്‍ത്തകരുടെ പ്രതികരണമായി മാത്രം ഇതിനെ കണ്ടാല്‍ മതി. കൂട്ടുകെട്ടിന് താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

ഇടതിനെ തൊടുന്നത് അപരാധമാണോ. പ്രാദേശികമായി അവരുമായി തൊട്ടുപോയി എന്നത് വലിയ അപരാധമായി കാണേണ്ടതില്ല. അന്ധമായ വിരോധവും ആരോടുമില്ല. ഏതെങ്കിലും കൂട്ടുകെട്ടിലേക്കുള്ള ചവിട്ടുപടിയല്ല ഇത്.സി.പി.എമ്മുമായി കൂട്ടുകൂടാത്തവര്‍ ആരാണുള്ളതെന്നും മാണി ചോദിച്ചു.

കേരളകോണ്‍ഗ്രസ്സിനെ മുറിവേല്‍പ്പിക്കാത്ത പാര്‍ട്ടികള്‍ കേരളത്തിലില്ല. എല്ലാവരും സംയമനം പാലിക്കുന്നതാണ് നല്ലത്. കേരള കോണ്‍ഗ്രസ് ഒരു മുന്നണിക്കും അപേക്ഷ കൊടുത്തിട്ടില്ല. ആരുടേയും മുന്നില്‍ കുനിഞ്ഞുനിന്ന പാര്‍ട്ടിയല്ലിത്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും പറഞ്ഞ മാണി ജോസ് കെ. മാണിക്കുനേരെയുണ്ടായ വിമര്‍ശനത്തിലും പ്രതികരിച്ചു. ജോസ് കെ മാണി മര്യാദക്ക് നില്‍ക്കുന്നയാളാണ്. ലണ്ടനിലുള്ള ജോസ് .കെ മാണി ഇതൊന്നും അറിഞ്ഞിട്ടില്ല. ലണ്ടനിലുള്ള ആള്‍ എങ്ങനെ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.