കോട്ടയം: ഇടതുപക്ഷത്തേക്ക് ചേക്കേറാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കെഎം മാണിയുടെ മകളുടെ ഭര്‍ത്താവ് എംബി ജോസഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും മുന്‍ ഐഎഎസ് കൂടിയായ ജോസഫ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരളാകോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച കെഎം മാണി രണ്ട് വര്‍ഷത്തിന് ശേഷം തിരികെ യുഡിഎഫില്‍ എത്തിയത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ല. ബാര്‍കോഴ വിവാദത്തില്‍ കെഎം മാണിയെ വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജോസ് കെ മാണി ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസാണ് ജോസഫുമായി സംസാരിച്ചത്. കഴിഞ്ഞ ദിവസമാണ് ഏറെക്കാലത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്.