കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ ആരോഗ്യ നില വീണ്ടും വഷളായി. ഇന്ന് രാവിലെ ശ്വാസോച്ഛ്വാസം സാധാരണ നിലയിലായതായി ആസ്പത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ ആരോഗ്യസ്ഥിതി വീണ്ടും മോശമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറഞ്ഞതായാണ് വിവരം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒന്നര മാസത്തോളമായി കെ.എം മാണി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാണിയുടെ ആരോഗ്യനില മോശമായതായി ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി അറിയിച്ചിരുന്നു. ഇതിനിടെയാണ് മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഇന്ന് രാവിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് അടക്കമുള്ളവര്‍ രാവിലെ ആസ്പത്രിയിലെത്തി മാണിയെ സന്ദര്‍ശിച്ചിരുന്നു. മകന്‍ ജോസ് കെ മാണി അടക്കമുള്ളവര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.