തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്നറിയിച്ച് ലോ അക്കാദമി നല്‍കിയ പത്രപരസ്യം മാനേജ്‌മെന്റിന്റെ കുതന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. വ്യക്തമായ വിവരങ്ങള്‍ നല്‍കാതെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണ് പരസ്യമുള്ളത്. എത്ര കാലത്തേക്കാണ് നിയമനമെന്നോ മറ്റു വിവരങ്ങളോ പരസ്യത്തിലില്ല. പ്രിന്‍സിപ്പലിനെ മാറ്റുന്നതാണ് പ്രധാന കാര്യം. ഭൂമി ഏറ്റെടുക്കലിനേക്കാണ് ലക്ഷ്മി നായരുടെ രാജിയാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഒരു തീരുമാനവുമുണ്ടാവാനിടയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇന്നു പുറത്തിറങ്ങിയ പത്രങ്ങളിലാണ് പുതിയ പ്രിന്‍സിപ്പലിനെ തേടി ലോ അക്കാദമി മാനേജ്‌മെന്റ് പരസ്യം നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ പ്രിന്‍സിപ്പലിന്റെ കാലാവധിയെക്കുറിച്ചോ സ്ഥിനിയമനമാണോ എന്നതു സംബന്ധിച്ചും പരസ്യത്തില്‍ വ്യക്തമായിരുന്നില്ല.