തിരുവനന്തപുരം: ലോ അകാദമി എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി വി.ജെ വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. ലോ അകാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധ്‌ക്ഷേപിച്ചെന്ന പരാതി സംഘടനയോട് ആലോചിക്കാതെ പിന്‍വലിക്കുകയും പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനുമാണ് നടപടി.

കേസ് പിന്‍വലിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നതായി വിവേക് പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തിയ വിവേക് തനിക്ക് തെറ്റു പറ്റിയതാണെന്നും സംഘടനയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജി വെക്കുന്നതായും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ച് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സിപിഐ നേതൃത്വം നിര്‍ദേശിച്ചിരുന്നു. വിശദീകരണം നല്‍കിയില്ലെങ്കിലോ തൃപ്തികരമല്ലെങ്കിലോ നടപടിയെടുക്കാനായിരുന്നു തീരുമാനം. വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് പുറത്താക്കല്‍ നടപടി.