ബാഴ്‌സലോണ: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണക്ക് മൈതാനത്ത് ആദരമര്‍പിച്ചതിന് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് പിഴ ശിക്ഷ. സ്പാനിഷ് സോക്കര്‍ ഫെഡറേഷനാണ് മെസിക്കെതിരെ നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം ഒസാസൂനക്കെതിരെ നടന്ന ലാലിഗ മത്സരത്തില്‍ ഗോളടിച്ച ശേഷം മെസി തന്റെ ബാഴ്‌സ ജഴ്‌സി അഴിച്ച് മറഡോണയുടെ പത്താം നമ്പര്‍ ജഴ്‌സി പ്രദര്‍ശിപ്പിച്ചിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലെ മറഡോണയുടെ ജഴ്‌സിയാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതിനു ശേഷം ഇരു കൈകളും ചുംബിച്ച് ആകാശത്തേക്ക് ഉയര്‍ത്തി. ജഴ്‌സി അഴിച്ചു മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസിക്കു നേരെ മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നു. മത്സര ശേഷം താന്‍ ആദരമര്‍പിക്കുന്നതിന്റെ ചിത്രം മെസി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മെസിയോട് 55,000ത്തോളം രൂപ പിഴയടക്കാന്‍ സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നിര്‍ദേശിച്ചു. ബാഴ്‌സലോണ ക്ലബ് 180 യൂറോയും പിഴയടക്കണം.