കോഴിക്കോട്: പ്രമുഖ സ്വകാര്യ പുസ്തക പ്രസാധകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫാസിസ്റ്റ് അജണ്ടയെന്ന് ആരോപണം. യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ ആണ്, തന്റെ വ്യക്തിപരമായ അനുഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഫെസ്റ്റിവല്‍ പ്രചരണാര്‍ത്ഥം കോഴിക്കോട് കടപ്പുറത്തിനടുത്ത് തെരുവോര മതിലില്‍ കാവി ഫാസിസത്തിനെതിരെ താന്‍ എഴുതിയ ചുവരെഴുത്ത്, താനറിയാതെ മായ്ച്ചു കളഞ്ഞെന്നും സംഘാടക സമിതി അംഗങ്ങളുടെ അറിവില്ലാതെ ഇത് സംഭവിക്കില്ലെന്നുമാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സര്‍ഗാത്മകതക്കും സ്വാതന്ത്ര്യത്തിനും സൗഹൃദത്തിനും ബഹുസ്വരതക്കുമായി’ സംഘടിപ്പിക്കപ്പെടുന്നു എന്ന് പറയുന്ന ഇത്തരം പരിപാടികളില്‍ പോലും ഭീരുക്കളും ഫാഷിസ്റ്റുകളും ഉണ്ടെന്ന് താന്‍ മനസ്സിലാക്കുന്നതായും ശ്രീജിത്ത് പറയുന്നു.

ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംഘപരിവാര്‍ അനുഭാവിയായ സദ്ഗുരു ജഗ്ഗി വാസുദേവിനെ പങ്കെടുപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. സംഘ് പരിവാറിന്റെ ‘ഘര്‍ വാപ്‌സി’ പോലുള്ള നയങ്ങളെ ന്യായീകരിച്ച ജഗ്ഗി വാസുദേവിന് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ശ്രീജിത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

ചുരുക്കിയെഴുതാം…
വലുതാക്കിയെഴുതി വേണമെങ്കിൽ ആളാവാം…
പക്ഷേ അങ്ങിനെ ‘ആളാ’യി ശീലമില്ല…!
എന്റെ കവിത കൊണ്ട് മാത്രം
മുന്നോട്ട് പോകുന്നവനാണ് ഞാൻ…!
ഇതൊരു ദു:ഖത്താൽ
എഴുതിപ്പോയ കുറിപ്പ് മാത്രം…!

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ
(കെ.എൽ.എഫ് രണ്ടാം പതിപ്പ്-2017 ഫിബ്രവരി 2 – 5)
നടക്കുന്നതിന് മുൻപായി
കോഴിക്കോട് നഗരത്തിൽ പോയപ്പോൾ
അവിനാശ് ഉദയഭാനു Avinash Udayabhanu
എന്ന സുഹൃത്തിനെ
കാണാം എന്ന് കരുതി വിളിച്ച് നോക്കി.
അവൻ വരാമെന്ന് പറഞ്ഞെങ്കിലും
ചില തിരക്കുകൾ കാരണം അവന് വരാൻ പറ്റിയില്ല.
അപ്പോൾ പിന്നെ
ലിജീഷ് കുമാറിനെ Lijeesh Kumar വിളിച്ച് നോക്കി.
കെ.എൽ.എഫ് പ്രചരാണർത്ഥം
കോഴിക്കോട് കടപ്പുറത്തിനടുത്ത്
തെരുവോരമതിലിൽ ചിത്രം വരയ്ക്കുന്ന
പരിപാടിക്കിടയിൽ അവനുണ്ടെന്നും
വന്നാൽ കാണാമെന്നും അവൻ പറഞ്ഞു…!
പോയി നോക്കിയപ്പോൾ
ഒരുപാട് സുഹൃത്തുക്കൾ
ചിത്രം വരച്ച് കഴിയാനായിരിക്കുന്നു…!
ആരൊക്കെയോ ഉപയോഗിച്ച കളറുകളുടെ
ബാക്കി ഉപയോഗിച്ച്
എനിക്കും ഒരു ചിത്രം വരയ്ക്കാൻ തോന്നി…!

ഫാഷിസം അറിയാതെയെങ്കിലും
വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ
കടന്നു കൂട്ടിയേക്കാം…!
അത് തിരുത്താവുന്നതും തിരുത്തപ്പെടേണ്ടതുമാണ്…!

കൃത്യമായ ‘വിചാര ധാരാ’ ലക്ഷ്യങ്ങളുള്ള
സംഘ പരിവാരത്തിന്റെ ആശയാടിത്തറയുള്ള
ഫാഷിസത്തെ ചെറുത്തു തോൽപ്പിക്കലാവണം
ഇന്ത്യയിലെ ആദ്യത്തെ
ഫാഷിസ്റ്റ് പ്രതിരോധ പ്രവർത്തനമെന്ന്
വിശ്വസിക്കുന്നവനാണ് ഞാൻ…!
അതുകൊണ്ട് തന്നെ അതിനെതിരായി,
വിശാലമായ ഒരൈക്ക്യം ലക്‌ഷ്യം വെക്കുന്ന
ചിത്രമാണ് ഞാൻ അഞ്ച് മിനിട്ട് കൊണ്ട് വരച്ചത്…!

‘നാവറക്കുന്ന
വിരലു മുറിക്കുന്ന
കാവി ഫാസിസം തുലയട്ടെ…!
ലാൽ സലാം…നീൽ സലാം’…!
എന്നെഴുതിയാണ് ഞാൻ ചിത്രം വരച്ചത്…!

കീഴാള ജനതക്കിടയിൽ വേരോട്ടമുള്ള
ഇടതുപക്ഷങ്ങളും പുതിയ ദളിത് മുന്നേറ്റങ്ങളും
ചേർന്ന് കൊണ്ട്,
ഇവരെ വിഴുങ്ങാൻ വരുന്ന ‘കാവി ഫാസിസത്തെ’,
പ്രതിരോധിക്കാൻ ‘ചുവപ്പും നീലയും’ ചേർന്ന
പുതിയ സഖ്യത്തിന് കഴിയും എന്ന
പ്രത്യാശയാണ് ഞാൻ പങ്കു വെച്ചത്…!
ചിത്രം വരച്ച് ഞാൻ പോന്നു…!
കെ.എൽ.എഫിൽ മുഴുവൻ ദിവസവും
പങ്കെടുക്കുകയും ചെയ്തു.

പിന്നീട് കെ.എൽ.എഫിൽ പങ്കെടുത്ത പലരും
ഫോട്ടോകൾ എഫ്.ബിയിൽ പോസ്റ്റ് ചെയ്യുന്ന കൂട്ടത്തിൽ
എന്റെ ചിത്രവും ഇട്ടതായി കണ്ടു…!
പക്ഷേ എന്റെ ചിത്രത്തിൻറെ മുകളിൽ ഞാൻ എഴുതിയ
‘നാവറക്കുന്ന
വിരലു മുറിക്കുന്ന
കാവി ഫാസിസം തുലയട്ടെ’…!
എന്ന വാചകം ‘ചിലർ’ മറ്റു നിറങ്ങൾ ചേർത്ത്
മായ്ച്ചത് ആ ചിത്രത്തിലൂടെ ഞാൻ കണ്ടു…!
ഡി.സിയോ,സംഘാടക സമിതി ‘അംഗങ്ങളോ’ അറിയാതെ
ഇങ്ങനെ സംഭവിക്കില്ല…!

‘ആവിഷ്കാര സ്വാതന്ത്ര്യത്തിനും
സർഗ്ഗാത്മകതക്കും സ്വാതന്ത്ര്യത്തിനും
സൗഹൃദത്തിനും ബഹുസ്വരതക്കുമായി’
സംഘടിക്കപ്പെടുന്നൂ എന്ന് പറയുന്ന
ഇത്തരം പരിപാടികളിൽ പോലും
ഭീരുക്കളും ‘ഫാഷിസ്റ്റു’കളും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു…!
എനിക്ക് എന്നെ ‘മായ്ച്ച്’ കളയാൻ
ശ്രമിച്ചവരെയോർത്ത് ‘ലജ്ജ’യുണ്ട്…!

വേണമെങ്കിൽ ഡി.സി രവിയടക്കം
സംഘാടക സമിതി അംഗങ്ങളെ ‘മെൻഷൻ’ ചെയ്ത്
ഇത് ആരുടെ ഭീരുത്വത്തിന്റെ ‘കൈക്രിയ’
ആണെന്ന് അന്വേഷിക്കാവുന്നതാണ്…!
പക്ഷേ എന്നെ ഞാനാക്കിയത്
ഡി.സിയോ ഏതെങ്കിലും
‘ഇത്തരം’ സംഘാടക സമിതിയോ അല്ല…!
അതിനാൽ ഇനിയും മുന്നോട്ട് പോകും…!
ലാൽ സലാം…നീൽ സലാം…!