കോഴിക്കോട്:സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ വ്യാപക നാശനഷ്ടം. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മഴയും കാറ്റും നാശം വിതച്ചത്. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ഏഴുപേര്‍ മരിച്ചു. കോഴിക്കോട്ട് തെങ്ങ് കടപുഴകി വീണ് കാല്‍നടയാത്രക്കാരിയായ ചാലിയം കപ്പലങ്ങാടി കുരിക്കള്‍കണ്ടി ഖദീജക്കുട്ടി (60)യാണ് മരിച്ചത്. ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടി പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി ദീപ(40)യും തെങ്ങു ദേഹത്ത് മുറിഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട എടത്വ തലവടിയല്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിജയകുമാര്‍, കാസര്‍ക്കോട് അഡൂരില്‍ ഒഴുക്കില്‍പ്പെട്ട് ചെനിയ നായിക്, കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശിനിയായ എല്‍.കെ.ജി വിദ്യാര്‍ഥിനി ഫാത്തിമ, ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, കണ്ണൂര്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍ എന്നിവരാണ് മരിച്ചത്.

ഉച്ച 12.30 ഓടെ ബന്ധുവീട്ടില്‍ന്ന് മടങ്ങും വഴി കാറ്റും മഴയും കണ്ട് ഖാദിയാരകത്തിന് സമീപത്തെ വീട്ടിലേക്ക് കയറി നില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഖദീജക്കുട്ടിയുടെ ദേഹത്തേക്ക് പറമ്പിലെ തെങ്ങ് മുറിഞ്ഞ് വീണത്. കൂടെയുണ്ടായിരുന്ന ചെറുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ചാലിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മക്കള്‍: അഷ്‌റഫ് , സലീം ( മലബാര്‍ സൗണ്ട്‌സ്, വട്ടപ്പറമ്പ്) ഹമീദ്, നദീറ. മരുമക്കള്‍: റസിയ (പാലത്തിങ്ങല്‍, പരപ്പനങ്ങാടി) നിഷ, റസിയ (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: അബ്ദുല്ലക്കോയ ,സുഹറ, സുബൈദ, സൈനബ.

സംസ്ഥാനത്ത് മഴയില്‍ 50 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 100 വീടുകള്‍ക്ക് ഭാഗികമായി കേടുപാടു സംഭവിച്ചു. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 40 ഇടങ്ങളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. കഴക്കൂട്ടം ദേശീയപാതയില്‍ മരം വീണതോടെ ഗതാഗതം സ്തംഭിച്ചു. മരം വീണതിനെത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണ് കോഴിക്കോട് കടലുണ്ടിയില്‍ നാല് മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതേതുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മിക്ക ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയോടുകയാണ്. കൊയിലാണ്ടിയില്‍ ബസിന് മുകളില്‍ മരം വീണു.

ഇടുക്കിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മഴയിലും കാറ്റിലും കനത്ത കൃഷിനാശമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കട്ടപ്പന കല്‍ത്തൊട്ടി മേപ്പാറയില്‍ വീടിനു മുകളില്‍ മരംവീണു നാലു പേര്‍ക്കും തങ്കമണിയില്‍ വീടിനു മുകളില്‍ കല്ല് ഉരുണ്ടുവീണു മറ്റൊരാള്‍ക്കും പരുക്കേറ്റു. നെടുങ്കണ്ടം മേഖലയില്‍ മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി ബന്ധം തകരാറിലായി. പൈനാവ് കുളമാവ് മാങ്കുളം കല്ലാര്‍ റോഡില്‍ വന്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ വീടിനു മുകളില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണു. കല്ലാര്‍കുട്ടി അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

കണ്ണൂരിലും വ്യാപക നാശനഷ്ടമുണ്ടായി. പഴയ ബസ് സ്റ്റാന്റിനു സമീപം കൂറ്റന്‍ ഫ്ളക്‌സ് ബോര്‍ഡ് പൊട്ടിവീണു വാഹനങ്ങളും ഭാഗ്യക്കുറി കടയും തകര്‍ന്നു. ഭാഗ്യക്കുറി വില്‍പനക്കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആലക്കോട് മേഖലയിലുണ്ടായ കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായി. റബറും വാഴയും തെങ്ങും നിലംപൊത്തി. മരം വീണ് വാഹനങ്ങള്‍ നശിക്കുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. തൃശൂര്‍ ജില്ലയിലും മഴ നാശം വിതച്ചു. നഗരമധ്യത്തില്‍ സ്വരാജ് റൗണ്ടില്‍ കൂറ്റന്‍ മരച്ചില്ല റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. അഗ്നി ശമന സേനയെത്തി മുറിച്ചുമാറ്റി. കൊടകര ഭാഗത്തു മറ്റത്തൂര്‍ പഞ്ചായത്തില്‍ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കു നാശം സംഭവിച്ചു. കുലച്ച പതിനായിരത്തോളം വാഴകള്‍ ഒടിഞ്ഞു. മരങ്ങള്‍ വീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇരിങ്ങാലക്കുട മേഖലയില്‍ പലയിടത്തും മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. മണ്ണുത്തി ദേശീയപാതയില്‍ മൂന്നിടത്തു രൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടെ നാല് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. പട്ടിക്കാട്ടും പാണഞ്ചേരിയിലും മരങ്ങള്‍വീണു ഗതാഗതം മുടങ്ങി. അന്തിക്കാട് കാറിനു മുകളില്‍ മരം വീണു.