കേരളത്തില്‍ വരുന്ന 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്നു ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദമായി പരിണമിക്കാവും സംസ്ഥാനത്തു മഴ ശക്തമാക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
ഇന്ന് തെക്കുപടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടല്‍, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള- കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കടുത്ത ചൂടിനും ജലക്ഷാമത്തിനും അറുതി വരുത്തി ഇടവപ്പാതി എത്തിയെങ്കിലും സംസ്ഥാനമൊട്ടുക്കും കാര്യമായ മഴ ലഭിച്ചു തുടങ്ങിയിട്ടില്ല. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ചെറിയ തോതില്‍ മഴ ലഭിച്ചെങ്കിലും വടക്കന്‍ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിട്ടില്ല.

ഇന്നലെയും ഇന്നുമായി സംസ്ഥാനത്തെ പലഭാഗങ്ങളിലും കനത്ത മഴ പെയ്തു. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.