ബാഴ്സ: പുതിയ വേണ്ടിയുള്ള പരിശീലനം ആരംഭിക്കുന്നതിന് മുന്‍പായി ബാഴ്സ താരങ്ങള്‍ക്കിടയില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്ക് മെസി എത്തിയില്ല. നാളെ ടീമിന്റെ പരിശീലനം ആരംഭിക്കാനിരിക്കെയാണ് കോവിഡ് ടെസ്റ്റ്. ഇതോടെ നാളെ പരിശീലനത്തിനും മെസി എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് പരിശോധനയ്ക്കായി എത്തിയ ബാഴ്സ കളിക്കാരില്‍ മെസി ഇല്ലെന്ന് എഎഫ്പി ജേണലിസ്റ്റ് സാന്റ് ഡെസ്പി പറയുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45നായിരുന്നു കോവിഡ് പരിശോധന. മെസി പരിശോധനയ്ക്ക് എത്തില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പരിശോധനയ്ക്ക് എത്തില്ലെന്ന് തന്റെ വക്താവിലൂടെ മെസി ക്ലബിനെ അറിയിച്ചതായാണ് വിവരം. ക്ലബുമായുള്ള കരാര്‍ നിലനില്‍ക്കുകയാണ് എന്നും, ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തണമെന്നും ബാഴ്സ പ്രസിഡന്റ് ബാര്‍തൊമ്യു മെസിയുടെ സംഘത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കോവിഡ് പരിശോധനാ ഫലം നടത്താതെ മെസിക്ക് ടീമിനൊപ്പം ചേരാനാവില്ല. റിലീസ് ക്ലോസിനെ സംബന്ധിച്ച് ക്ലബിനും മെസിക്കും ഇടയിലെ പോര് മുറുകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ടാഴ്ച മാത്രമാണ് ലാ ലീഗയുടെ പുതിയ സീസണ്‍ തുടങ്ങാനുള്ളത്. പരിശീലനത്തിനും എത്താതെ മെസിയുടെ സമ്മര്‍ദം വരുമ്പോള്‍ ബാഴ്സ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.