ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണ്‍ സമയത്ത് ജനങ്ങളെ ഏറെ സഹായിച്ച രാജ്യത്തെ എംപിമാരുടെ പട്ടികയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ നടത്തിയ സര്‍വേയിലാണ് രാഹുല്‍ മൂന്നാം സ്ഥാനത്തെത്തിയത്.

ലോക്ഡൗണില്‍ നിയോജക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത എംപിമാരെ കണ്ടെത്താനായിരുന്നു സര്‍വേ. ഏറ്റവും മികച്ച പത്ത് എംപിമാരെയാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. എംപിമാരുടെ മണ്ഡലത്തിലെത്തി ജനങ്ങളോട് സര്‍വേ നടത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ നാമനിര്‍ദേശത്തിന് അനുസരിച്ച് തയ്യാറാക്കിയ 25 ലോക്സഭ എംപിമാരുടെ പട്ടികയില്‍ നിന്നാണ് പത്ത് പേരടങ്ങിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

ബിജെപിയുടെ എംപി അനില്‍ ഫിറോജിയ, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി അദാല പ്രഭാകര റെഡ്ഡി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. മഹുവ മൊയ്ത്ര (ടിഎംസി), തേജസ്വി സൂര്യ (ബിജെപി), ഹേമന്ദ് ഗോഡ്സെ (ശിവസേന) സുഖ്ബീര്‍ സിങ് ബാദല്‍ (എസ്എഡി), ശങ്കര്‍ ലാല്‍വനി (ബിജെപി), ഡോ. ടി.തമിഴച്ചി തങ്കപാണ്ഡ്യന്‍ (ഡിഎംകെ), നിതിന്‍ ജയറാം ഗഡ്കരി (ബിജെപി) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു എംപിമാര്‍.

കോവിഡ് പ്രതിസന്ധി സമയത്ത്, ഭക്ഷ്യസാധനങ്ങള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവ അടക്കം സ്വന്തം ചെലവില്‍ രാഹുല്‍ വയനാട്ടില്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തിരുന്നു.