ന്യൂഡല്‍ഹി: മുസ്്‌ലിംലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.15ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പാര്‍ലമെന്റില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ ഉച്ചക്ക് 12.30നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഇ അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ഇരിപ്പിടത്തില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ സഹ എം.പിമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പ്രാഥമിക വൈദ്യ സഹായം നല്‍കിയ ശേഷം പ്രത്യേക ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് മാറ്റി.
ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ഹൃദയമിടിപ്പും രക്ത സമ്മര്‍ദ്ദവും നിലച്ച അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സ നല്‍കിയതോടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനായെങ്കിലും രക്തസമ്മര്‍ദ്ദത്തില്‍ മാറ്റമില്ലാതിരുന്നതിനാല്‍ ആരോഗ്യ നില ഗുരുതരമായി തുടര്‍ന്നു. ഉച്ചക്ക് രണ്ട് മണിയോടെ ട്രോമാ കെയര്‍ ഐ. സി.യുവിലേക്ക് മാറ്റിയ അഹമ്മദിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. പിന്നീട് രാത്രി 2.15ഓടെ മരണവിവരം ഔദ്യോഗികമായി സ്ഥീരീകരിക്കുകയായിരുന്നു. ഖബറടക്കം നാളെ ജന്മനാടായ കണ്ണൂരില്‍ നടക്കും.
ഇതിനിടെ ഇ അഹമ്മദിനെ സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് ആസ്പത്രി അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. അസുഖ വിവരം അറിഞ്ഞ് ഇ അഹമ്മദിന്റെ മക്കളും ഡല്‍ഹിയില്‍ എത്തിയിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ മക്കള്‍ക്ക് ആസ്പത്രി അധികൃതര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കി. ഇതിനു തൊട്ടു പിന്നാലെയാണ് മരണ വിവരം സ്ഥിരീകരിച്ചത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വടക്കുകിഴക്കന്‍ സംസ്ഥനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍, രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരും വയലാര്‍ രവി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയ കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും ആസ്പത്രിയിലെത്തിയിരുന്നു.