ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന യേശുദാസിനേയും സംവിധായകന്‍ ജയരാജിനേയും വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാ വിഷയത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് യേശുദാസും ജയരാജും വിട്ടുനില്‍ക്കുന്നത് നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുമല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ അതിപ്പോള്‍ എന്താ പറയുക? എല്ലാ വിഷയത്തിലും ഇങ്ങനെ ഉണ്ടാകുമല്ലോ ചതിയും വഞ്ചനയും ഉണ്ടാകും. മറ്റെന്താണ് പറയുക’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

നേരത്തെ, പരിപാടി ബഹിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് യേശുദാസ് പറഞ്ഞത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് കൃത്യമായി അദ്ദേഹത്തെ അറിയിച്ചിരുന്നെന്നെന്നും ഭാഗ്യലക്ഷ്മി മറുപടി നല്‍കി. പരിപാടി ബഹിഷ്‌ക്കരിക്കുകയാണെന്ന് എഴുതിയ കത്ത് ദാസേട്ടനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. കത്തില്‍ w-e ar-e no-t a-tten-d-in-g th-e fun-c-tion എന്ന് കൃത്യമായി എഴുതിയിരുന്നുവെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.