പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ജനുവരി 15-ന് പൂനെ ഗഹുഞ്ചെയിലെ എം.സി.എ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റതായി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. രാത്രിയും പകലുമായാണ് മത്സരം. കൗണ്ടര്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമാണ് ടിക്കറ്റുകള്‍ വില്‍പ്പനക്കു വെച്ചിരുന്നത്.

12 ദിവസം കൊണ്ടുതന്നെ ഇവ പൂര്‍ണമായും ആരാധകര്‍ കൈപ്പറ്റി. മൂന്നു വര്‍ഷത്തിനു ശേഷം അന്താരാഷ്ട്ര ഏകദിനം നടക്കുന്ന ഈ ഗ്രൗണ്ടില്‍ 37,406 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്. 2013 ല്‍ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരമാണ് ഇവിടെ അവസാനമായി നടന്നത്.

മൂന്നു മത്സരങ്ങളാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്ളത്. ജനുവരി 19ന് കട്ടക്കിലും 22 ന് കൊല്‍ക്കത്തയിലുമാണ് മറ്റുള്ളവ. കാണ്‍പൂര്‍, നാഗ്പൂര്‍, ബംഗളൂരു എന്നിവിടങ്ങളിലായി മൂന്ന് ട്വന്റി 20 മത്സരങ്ങളും ടീമുകള്‍ കളിക്കുന്നുണ്ട്.