കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് നായകനും ക്ലബ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരവുമായ ബാര്‍തലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടെന്ന് റിപ്പോര്‍ട്ട്. വരുന്ന സീസണില്‍ അദ്ദേഹം മുംബൈ സിറ്റിയ്ക്കായി ബൂട്ട് കെട്ടുമെന്ന് ഗോള്‍ ഡോട്ട്‌കോമാണ് റിപ്പോര്‍ട്ട് ചെയ്തത്. നോര്‍ത്തീസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന ഓഗ്ബച്ചെ സീനിയര്‍ ടീമില്‍ 60ലധികം തവണ കളിച്ചു. 2018-19 സീസണില്‍ നോര്‍ത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിന്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടി ഉജ്ജ്വല ഫോമിലായിരുന്നു താരം. നോര്‍ത്തീസ്റ്റില്‍ നിന്ന് പരിശീലകന്‍ ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയന്‍ താരം അദ്ദേഹം പോകുന്നതോടെ ക്ലബ് വിടും എന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരം ക്ലബുമായി ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നു.

സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ മുംബൈ സിറ്റി ട്രാസ്ഫര്‍ വിന്‍ഡോയില്‍ പണം എറിയുകയാണ്. എഫ്സി ഗോവ നായകനായിരുന്ന മന്ദാര്‍ റാവു ദേശായി, പ്രതിരോധ താരങ്ങളായിരുന്ന മുര്‍തദ്ദ ഫാള്‍, അഹ്മദ് ജെഹ്റു എന്നിവരെയൊക്കെ സിറ്റി റാഞ്ചി. ഗോവന്‍ ഗോളടി യന്ത്രം കോറോയും മുംബൈയിലെത്തുമെന്ന് സൂചനയുണ്ട്.