ന്യൂയോര്‍ക്ക്: നൂറുകണക്കിന് റോഹിന്‍ഗ്യ മുസ്്‌ലിംകളെ കൊന്നൊടുക്കുകയും ലക്ഷണക്കിന് ആളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്ത സൈനിക നടപടി അവസാനിപ്പിക്കാന്‍ മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിക്ക് അവസാനത്തെ ഒരു അവസരം കൂടിയുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റാഖിന്‍ സ്‌റ്റേറ്റിലെ നിലവിലുള്ള സ്ഥിതിക്ക് സൂകി മാറ്റമുണ്ടാക്കുന്നില്ലെങ്കില്‍ ദുരന്തം ഭീകരപൂര്‍ണമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.
അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലേക്ക് കടന്ന റോഹിന്‍ഗ്യ മുസ്്‌ലിംകളെ സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗുട്ടെറസ് മ്യാന്മറിനോട് ആവശ്യപ്പെട്ടു. റോഹിന്‍ഗ്യ പ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സൂകി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ ജനല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നില്ല.
മ്യാന്മറിലെ പട്ടാള ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ സൂകിയെ പിന്തുണച്ചിരുന്ന ലോകരാജ്യങ്ങള്‍ മുഴുവന്‍ സമാധാന നൊബേല്‍ ജേതാവിനെ തള്ളിപ്പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഭീകരരുടെ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യാജ വാര്‍ത്തകളാണ് സൈനിക നടപടിയെക്കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന സൂകിയുടെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം റോഹിന്‍ഗ്യ അഭയാര്‍ത്ഥികളെ തമ്പടിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് എവിടേക്കു പോകാനും അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. അഭയാര്‍ത്ഥികളെ വാഹനങ്ങളില്‍ കയറ്റരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്കും ഡ്രൈവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ വാടകക്ക് നല്‍കരുതെന്ന് കെട്ടിട ഉടമകളോടും പൊലീസ് ആവശ്യപ്പെട്ടു. റാഖിനില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും പറയുന്നു.

ദുരിതക്കടലായി അഭയാര്‍ത്ഥി ക്യാമ്പുകള്‍
14000 തമ്പുകള്‍ നിര്‍മിച്ചു തുടങ്ങി

ധാക്ക: മ്യാന്മര്‍ സേനയുടെ കിരാത വേട്ടയില്‍നിന്ന് രക്ഷതേടി പലായനം ചെയ്ത റോഹിന്‍ഗ്യ മുസ്്‌ലിം അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലും നരകിക്കുന്നു. ഭക്ഷണോ വെള്ളമോ അന്തിയുറങ്ങാന്‍ പാര്‍പ്പിടമോ ലഭിക്കാതെയാണ് അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞുകുടൂന്നത്.
അടിയന്തര സഹായം എത്തിയില്ലെങ്കില്‍ അഭയാര്‍ത്ഥികള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് സേവ് ദ ചില്‍ഡ്രന്‍ ബംഗ്ലാദേശ് ഡയറക്ടര്‍ മാര്‍ക് പിയേഴ്‌സ് മുന്നറിയിപ്പുനല്‍കി. മ്യാന്മര്‍ സേനയുടെ കണ്ണുവെട്ടിച്ച് കാടുകളിലൂടെ ദിവസങ്ങളോളം യാത്രചെയ്താണ് റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ ബംഗ്ലാദേശില്‍ എത്തുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ അവശരായ അവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളിലും വിശപ്പടക്കാന്‍ ഒന്നുമില്ല. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന വര്‍ധനയാണ് സന്നദ്ധ സംഘടനകളെ ഏറെ പ്രയാസപ്പെടുത്തുന്നത്. 410,000 റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ ബംഗ്ലാദേശ് ഭരണകൂടം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ തമ്പുകളില്‍ സ്ഥലസൗകര്യമില്ല. ഭക്ഷണമില്ലെന്നു മാത്രമല്ല, അടിസ്ഥാന ശുചീകരണ സംവിധാനങ്ങളുടെ അഭാവവും അവരെ പ്രയാസപ്പെടുത്തുന്നുണ്ട്. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാന്‍ ഇതു കാരണമായേക്കുമെന്ന് സേവ് ദ ചില്‍ഡ്രനെപ്പോലുള്ള സന്നദ്ധ സംഘടനകള്‍ പറയുന്നു.
പുതുതായി വന്ന അഭയാര്‍ത്ഥികള്‍ക്കുവേണ്ടി 14,000 തമ്പുകള്‍ നിര്‍മിച്ചു തുടങ്ങി യിട്ടുണ്ടെന്ന് ബംഗ്ലാദേശ് അറിയിച്ചു. മ്യാന്മറിലെ റോഹിന്‍ഗ്യ മേഖലകളില്‍ അക്രമങ്ങള്‍ക്ക് ഇതുവരെയും അറുതിയുണ്ടാട്ടില്ല. 62 റോഹിന്‍ഗ്യ ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടതായി സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. സൈനിക നടപടിയില്‍ 430 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മ്യാന്മര്‍ പറയുന്നത്. എന്നാല്‍ കുട്ടികളുള്‍പ്പെടെ 9000ത്തോളം പേര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.

176 ഗ്രാമങ്ങള്‍ ശൂന്യം
യാങ്കൂണ്‍: റാഖൈന്‍ സ്റ്റേറ്റില്‍നിന്ന് റോഹിന്‍ഗ്യ മുസ്്‌ലിംകളെ തുടച്ചുനീക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 176 റോഹിന്‍ഗ്യ ഗ്രാമങ്ങളും ശൂന്യമാണെന്ന് മ്യാന്മര്‍ ഭരണകൂടം തന്നെ സമ്മതിക്കുന്നു. സൈനിക നടപടി ആരംഭിച്ചതോടെ പലായനം ചെയ്ത മുസ്്‌ലിംകളുടെ വീടുകള്‍ പട്ടാളക്കാര്‍ ചുട്ടെരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ തന്നെയാണ് വീടുകള്‍ക്ക് തീവെച്ചതെന്ന മ്യാന്മര്‍ ഭരണകൂടത്തിന്റെ വാദം ആംനസ്റ്റി തള്ളി. ബംഗ്ലാദേശിലേക്ക് കടന്ന നാലു ലക്ഷം അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കുകയില്ലെന്ന് മ്യാന്മര്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മുസ്്‌ലിം ഗ്രാമങ്ങളിലും വീടുകളിലും ബുദ്ധമതക്കാരെ കുടിയിരുത്താനാണ് ഭരണകൂടത്തിന്റെ പദ്ധതിയെന്ന് അറിയുന്നു.
കുഴിബോംബ് പൊട്ടി മരണം വര്‍ധിക്കുന്നു
ധാക്ക: റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ പലായനം തടയാന്‍ മ്യാന്മര്‍ സേന ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിതറിയ കുഴിബോംബ് പൊട്ടി മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. റോഹിന്‍ഗ്യ അഭയാര്‍ത്ഥികളും അതിര്‍ത്തിക്കു സമീപം താമസിക്കുന്ന ബംഗ്ലാദേശ് ഗ്രാമീണരും മരിച്ചവരില്‍ പെടും. അനേകം പേര്‍ക്ക് പരിക്കറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ഇതുവരെ മൂന്ന് റോഹിന്‍ഗ്യ അഭയാര്‍ത്ഥികളും ഒരു ബംഗ്ലാദേശുകാരനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
ഒരാഴ്ചക്കിടെയാണ് നാലു മരണങ്ങളും സംഭവിച്ചത്. പരിക്കേറ്റ ബംഗ്ലാദേശികളും റോഹിന്‍ഗ്യക്കാരും കോക്‌സ്ബസാറിലെയും ചിറ്റഗോംഗിലെയും വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. ആഗസ്റ്റ് 25ന് റാഖൈന്‍ സ്‌റ്റേറ്റില്‍ മ്യാന്മര്‍ സൈനിക നടപടി ആരംഭിച്ച ശേഷം നാലു ലക്ഷത്തിലേറെ റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. അതിര്‍ത്തിയിലെ മുള്ളുവേലിയിലൂടെയാണ് അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്ക് കടക്കുന്നത്. കുഴിബോംബ് സ്‌ഫോടനങ്ങളില്‍ പലരും കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരന്നതോടെ റോഹിന്‍ഗ്യകള്‍ അത്തരം നുഴഞ്ഞുകയറ്റം നിര്‍ത്തിയിരിക്കുകയാണ്. പകരം അതിര്‍ത്തിയിലെ കാടുകളില്‍ കുട്ടികളോടൊപ്പം ഒളിവില്‍ കഴിയുകയാണ് അവരിപ്പോള്‍. അതിര്‍ത്തിയിലെ സൈനികേതര മേഖലകളില്‍ കുഴിബോംബ് വിതറുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്.