ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ
കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് നീക്കം. കൊലപാതകം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നും ഇത് കൊലക്കുറ്റം കോണ്‍ഗ്രസിന് മേല്‍കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്. ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും.

സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് സ്ത്രീകള്‍ മാത്രമാണെന്നും പിടിച്ചുമാറ്റിയത് തങ്ങളാണെന്നും നാട്ടുകാരി പറഞ്ഞു.

അതേസമയം ചിതറ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പ്രതി ഷാജഹാന്‍. തെളിവെടുപ്പിനിടെയാണ് ഷാജഹാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

അതിനിടെ ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന്‍ സി.പി.എമ്മുകാരനാണെന്ന് സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തല്‍.
പ്രതി ഷാജഹാനും താനുമടക്കമുള്ള കുടുംബം സിപിഎം പ്രവര്‍ത്തകരെന്ന് സഹോദരന്‍ സുലൈമാന്‍ പറഞ്ഞു. കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സി.പി.എം അനുഭാവികളാണ്. പരസ്യമായി ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നതെന്നും സുലൈമാന്‍ വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകമാണ് ഇതെന്ന സിപിഎമ്മിന്റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി അഭിസാ ബീവി നേരത്തെ നിഷേധിച്ചിരുന്നു.

മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിതിനെ തുടര്‍ന്ന് ഷാജഹാന്‍ വീട്ടിലെത്തി ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഒമ്പത് മുറിവുകളാണ് ബഷീറിന്റെ ശരീരത്തില്‍ ഉള്ളത്. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎമ്മിന്റെ ആരോപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.