Video Stories
സി.പി.എമ്മിന്റെ തോല്‍വി ഏറ്റുപറച്ചിലിലെ അന്തര്‍ധാര

ഇയാസ് മുഹമ്മദ്
തോല്‍വി സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന ഘടകം പുലര്‍ത്തുന്ന ധാര്‍ഷ്ട്യം കേന്ദ്ര കമ്മിറ്റിയുടെ തോല്‍വി റിപ്പോര്‍ട്ടിനോട് ഇത്തവണ കാട്ടിയില്ലെന്നത് ശുഭകരമാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്്. എന്നാല്‍ കോടിയേരിയുടെ മകനെതിരായ പീഡന കേസും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും സൃഷ്ടിച്ച വിവാദങ്ങളില്‍നിന്നും അംഗങ്ങളുടേയും അണികളുടേയും മാത്രമല്ല, മാധ്യമങ്ങളുടേയും ശ്രദ്ധ വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യം ഈ ഏറ്റുപറച്ചിലിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നവരുമുണ്ട്. ഏറ്റുപറഞ്ഞ തെറ്റുകള്‍ മുഖപത്രം വഴി പരസ്യപ്പെടുത്തിയ സമൂര്‍ത്ത സാഹചര്യമാണ് സംശയാലുക്കളെ സൃഷ്ടിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ കേരളത്തില്‍ വലിയ തോല്‍വി സി.പി.എം നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പിന്ശേഷം നടന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ യോഗത്തില്‍ പോലും ഏഴ് സീറ്റുകളിലാണ് അവര്‍ വിജയം പ്രതീക്ഷിച്ചത്. ഇതില്‍തന്നെ മൂന്നിടത്ത് ഫോട്ടോ ഫിനിഷില്‍ വിജയത്തിലേക്കെത്തുമെന്നായിരുന്നു നിഗമനം. നേതാക്കള്‍ പിന്നീട് അവകാശപ്പെട്ട തരത്തില്‍ വലിയ വിജയമുണ്ടാകുമെന്ന് സി.പി.എം ഒരു ഘട്ടത്തില്‍പോലും ആശ വെച്ചിരുന്നില്ല. എന്നാല്‍ ഇത്ര വലിയ തോല്‍വി സി.പി. എം മനസ്സില്‍ കണ്ടില്ല. തോല്‍ക്കും എന്നേ അവര്‍ കരുതിയുള്ളൂ, ജനം ഇതുപോലെ പടുകുഴിയിലേക്ക് തള്ളുമെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെവന്നു.
ജനങ്ങളില്‍നിന്നും സി.പി.എം എത്രമാത്രം അകലത്തിലാണെന്ന് സ്വയം വിലയിരുത്തലിനുള്ള അവസരമാണ് അവര്‍ക്കിപ്പോള്‍ കൈവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ തങ്ങളുടെ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ പരിശ്രമിക്കുമെന്നാണ് സി.പി.എം ഊന്നിപറഞ്ഞിരിക്കുന്നത്. അതേസമയം എന്താണ് ദൗര്‍ബല്യമെന്ന് സി. പി.എമ്മിന് ഇതുവരെ മനസ്സിലായിട്ടുമില്ല. റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്ത് പറയുന്നതിങ്ങനെ: നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടു വിഹിതത്തിലെ ഇടിവ് വലിയ ഉത്കണ്ഠ ഉളവാക്കുന്നു. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരു ഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല, തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട്.
സി.പി.എം റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ സന്ദേശം എന്ന സിനിമയില്‍ ബോബി കൊട്ടാരക്കര വേഷമിട്ട ഉത്തമന് എന്ന കഥാപാത്രത്തിന്റെ സന്ദേഹം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരാള്‍ക്ക് കഴിയുന്നതെങ്ങനെ. എന്തുകൊണ്ട് തോറ്റുവെന്നെങ്കിലും തെളിവോടെ പറയാന്‍ സി.പി.എമ്മിന് എന്നാണ് കഴിയുക. നിഗൂഢതകള്‍ നിറഞ്ഞ സംഘമായി സി.പി.എം മാറിയിട്ട് കാലമേറെയായി. സുതാര്യ രാഷ്ട്രീയ പ്രവര്‍ത്തനം മറന്നുപോയവരെ ജനം മറന്നുവെന്നായിരുന്നു സി.പി.എം തെളിച്ചുപറയേണ്ടിയിരുന്നത്.
വനിതാമതിലില്‍ പങ്കെടുത്ത 56 ലക്ഷം പേരില്‍ വലിയ വിഭാഗം വോട്ടുചെയ്തില്ലെന്നാണ് സി.പി. എം പരിതപിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും അധികാരവും കയ്യൂക്കുംകൊണ്ട് ഭീഷണിപ്പെടുത്തി, മതില് കെട്ടാന്‍ കൊണ്ടുപോയവരല്ലേ, യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട വോട്ടു കൂടി നഷ്ടമാക്കിയത്. ബഹുജന സംഘടനകള്‍ കടലാസു പുലികള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലെങ്കിലും സി.പി.എം അംഗീകരിച്ചിരിക്കുന്നു. പല നിയോജക മണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകള്‍ വര്‍ഗ, ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാഥയില്‍ കൊടിപിടിച്ചവരും മുദ്രാവാക്യം മുഴക്കിയവരും വോട്ടുചെയ്തില്ലെന്നാണ് സി.പി.എം കണ്ടെത്തിയിരിക്കുന്നത്. ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിലെ ദൗര്‍ബല്യമാണ്് ഇതിന് പ്രധാന കാരണമെത്രെ. മുതലാളിത്ത, പാര്‍ലമെന്ററി ദൗര്ബല്യങ്ങളില് അഭിരമിക്കുന്ന നേതാക്കളില്‍ സംഭവിച്ച അരാഷ്ട്രീയവത്കരണത്തെ റിപ്പോര്‍ട്ടില്‍ ഒരിടത്ത്പോലും പരമാര്‍ശിക്കുന്നതു പോലുമില്ലതാനും.
ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യം തുടര്‍ച്ചയായ പ്രമേയങ്ങളില്‍ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടില്ലെന്നാണ് മറ്റൊരു പരാമര്‍ശം. യഥാര്‍ത്ഥത്തില്‍ ബഹുജന സംഘടനകളെ അരാഷ്ട്രീയവത്കരിക്കുന്നതിലൂടെ, പ്രാദേശിക സ്വത്വ സമരങ്ങളെ ഇല്ലാതാക്കുകയും വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തവര്‍ തന്നെയാണ് പ്രമേയങ്ങളെ അട്ടിമറിച്ചതെന്ന കാര്യം തമസ്കരിക്കപ്പെട്ടു. അടിസ്ഥാന ജനതയുടെ അവകാശ സമരങ്ങളില്‍നിന്നും ഒളിച്ചോടിയവര്‍, സമരങ്ങള്‍ ഏറ്റെടുത്തവരെയും ഒറ്റുകാരാക്കി ചിത്രീകരിച്ചു.
സാങ്കേതിക വിദ്യാലയങ്ങളിലെ അരാഷ്ട്രീയ വത്കരണം തിരിച്ചടിയായെന്നാണ് മറ്റൊരു വിലയിരുത്തല്‍. തൊഴിലില്ലായ്മ രാഷ്ട്രീയ വിഷയമാക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പി സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ പ്രയോജനപ്പെടുത്തിയപ്പോള്‍, സി.പി.എമ്മിന് അതിന് സാധിച്ചില്ലെന്നാണ് മറ്റൊരു സ്വയം വിമര്‍ശനം. ഇരട്ടചങ്കന് വേണ്ടി പോരാളി ഷാജിമാര്‍ നടത്തിയ ഫാന്‍സ് അസോസിയേഷന് കളികളെ പ്രോത്സാഹിപ്പിച്ചവര്‍, കണ്ണൂരില്‍ മറ്റൊരു ബിംബത്തിന്വേണ്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയതോടെയാണ് കണ്ണുരുട്ടല്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാക്കളെ സ്ഥാനത്തും അസ്ഥാനത്തും വ്യക്തിഹത്യ ചെയ്ത് രസിച്ച സി.പി.എം സൈബര്‍ പോരാളികള്‍ ബഹുജനങ്ങളില്‍ സൃഷ്ടിച്ച അപരത്വബോധം നേതാക്കള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല.
സ്വയം വിമര്‍ശനം നടത്തുന്നതിന് പകരം സ്വയം പരിഹാസ്യരാകുകയാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലൂടെ സി.പി.എം. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഏറ്റുപറയുന്നവര്‍, സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ടായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. യു.ഡി.എഫിനുണ്ടായ വലിയ വിജയത്തിന് ഒരു കാരണം സര്‍ക്കാര്‍ വിരുദ്ധ തരംഗം തന്നെയായിരുന്നുവെന്ന സത്യം മറച്ചുവെച്ച് വ്യക്തിപൂജ നടത്തുകയാണ് സി.പി.എം റിപ്പോര്‍ട്ടിലും ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ മാത്രമല്ല, മുസ്ലിം വ്യക്തിനിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ചപ്പോഴും സര്‍ക്കാരിന് തെറ്റുപറ്റി. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ധൃതിപിടിച്ച തീരുമാനം അധ്യാപകരെ സര്‍ക്കാരില്‍ നിന്നകറ്റി. ഏകപക്ഷീമായി പ്രഖ്യാപിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഭീഷണിപ്പെടുത്തി നടപ്പാക്കിയ സാലറി ചാലഞ്ച് എന്നിവ ജീവനക്കാരുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ വലിയൊരു വിഭാഗം ജനങ്ങളെ എതിരാക്കി. കശുവണ്ടി മേഖലയിലെ അനിശ്ചിതാവസ്ഥ തൊഴിലാളികളെ നിരാശരാക്കി. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ജനവിധിയെ, സി.പി. എമ്മിന്റെ ആഭ്യന്തര പരാജയമായി മാറ്റിയെഴുതാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുടനീളമുള്ളത്.
സര്‍ക്കാരിന്റെ പരാജയവും പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വിശ്വാസ്യതയും എല്ലാം ഒന്നായി വന്‍ തിരിച്ചടി നല്‍കിയെന്ന യാഥാര്‍ത്ഥ്യമാണ് സി.പി.എം അംഗീകരിക്കേണ്ടത്. അതോടൊപ്പം സി.പി.എം സ്വയം വിമര്‍ശനം നടത്തുന്നതുപോലെ, തെറ്റുകള്‍ തിരുത്തേണ്ടതുമുണ്ട്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും കര്‍ഷകരുടേയും പ്രശ്നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായി സമരങ്ങള്‍കൊണ്ട് തിരിച്ചുവരാമെന്നാണ് സി.പി.എം കരുതുന്നത്. രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ജനവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ സി.പി.എമ്മിന് ആത്മാര്‍ത്ഥമായി സമരം നടത്താനുള്ള അവസരം ആവോളം ലഭിക്കാനുമിടയുണ്ട്. എന്നാല്‍ ആ അവസരം പ്രയോജനപ്പെടുത്താന്‍ സി.പി.എമ്മിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പാര്‍ട്ടി നേതാക്കളെയെങ്കിലും രാഷ്ട്രീയവത്കരിക്കാന്‍ സാധിച്ചാല്‍ അണികള്‍ സമരസജ്ജരായി മുന്നോട്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ പശ്ചിമ ബംഗാളിനും ത്രിപുരക്കും പിന്നാലെ ബി.ജെ.പിക്ക് വോട്ടുപിടിക്കേണ്ട ഗതികേടിലാകും കേരളത്തിലേയും സി.പി.എമ്മുകാര്‍.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന് മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന് മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന് മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്മിക കുറിച്ചത്.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
-
india2 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india2 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala2 days ago
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്
-
kerala2 days ago
എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും
-
kerala2 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍