ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് സന്ദര്‍ശിച്ച
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ‘കാലാവസ്ഥാ പ്രവചനം’ നടത്തിയാണ് രാഹുല്‍ പ്രധാനമന്ത്രിയെ കളിയാക്കിയത്.

‘കാലാവസ്ഥാ പ്രവചനം: തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗുജറാത്തില്‍ ഇന്ന് വാചകമടിയുടെ പെരുമഴ പ്രതീക്ഷിക്കാം’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദി വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാഹുലിന്റെ പരാമര്‍ശം. ഗുജറാത്തിന് 12,500 കോടി രൂപയുടെ പദ്ധതികള്‍ കിട്ടുമെന്ന വാര്‍ത്തയും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവച്ചു.

ഹിമാചല്‍ പ്രദേശിന്റെ കൂടെ ഗുജറാത്തിലെയും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതാണു പതിവ്. എന്നാല്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരിക്കാന്‍ കമ്മിഷനുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. നവംബര്‍ ഒന്‍പതിന് ഹിമാചലില്‍ തിരഞ്ഞെടുപ്പും ഡിസംബര്‍ 18ന് ഫലപ്രഖ്യപനവും വരുമെന്നാണ് കമ്മിഷന്‍ അറിയിച്ചത്. എന്നാല്‍ ഇതിനൊപ്പം നടത്തേണ്ട ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം. മോദിയുടെ റാലിക്കായാണ് തിയതി പ്രഖ്യാപിക്കാതിരുന്നത് എന്ന വിമര്‍ശനവും ശക്തമാണ്.

നിലവിലെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത് 2018 ജനുവരിയിലാണ്. ദിവസങ്ങളുടെ മാത്രം വ്യത്യാസമേ ഇക്കാര്യത്തിലുള്ളൂ. സാധാരണ ഗതിയില്‍ ആറു മാസം വരെ കാലയളവുകളിലുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതും ഒരുമിച്ച് പ്രഖ്യാപിക്കുന്നതുമാണ് കമ്മീഷന്റെ രീതി. ഇതില്‍ നിന്ന് ഭിന്നമായാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഗുജറാത്തില്‍ വൈകിപ്പിക്കുകയും ചെയ്തത്.

കമ്മീഷന്‍ നിലപാടിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേശി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം സ്വാഭാവികമായി സംശയത്തിന്റെ മുനയിലാകുന്നുണ്ടെന്നും ഖുറേഷി ആരോപിച്ചിരുന്നു. കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മോദിയുടെ ഇംഗിതത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധിയും തെര.കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.