മുംബൈ: മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് നടി റിയ ചക്രവര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ  അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് എന്‍.സി.ബി. റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ വൈദ്യപരിശോധനയും കോവിഡ് പരിശോധനയും നടത്തി. റിയയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം തന്നെ നടി സമ്മതിച്ചിരുന്നെങ്കിലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നില്ല. സുശാന്തിന് വേണ്ടി സഹോദരന്‍ മുഖേന മയക്കുമരുന്ന് എത്തിച്ചുനല്‍കിയെന്നായിരുന്നു ആദ്യദിവസത്തെ മൊഴി. എന്നാല്‍ സഹോദരനൊപ്പം ചോദ്യംചെയ്തതോടെ റിയ എല്ലാം തുറന്നുപറയുകയായിരുന്നു.

കഞ്ചാവ് മാത്രമല്ല, അതിമാരക ലഹരിമരുന്നുകളും താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍വെച്ചും പല പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിയ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നപ്പോള്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം.