മുംബൈ: താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയ്യാറാണെന്നും ബോളിവുഡ് നടി റിയ ചക്രവര്‍ത്തി. സ്‌നേഹത്തിന്റെ പേരില്‍ താന്‍ വേട്ടയാടുന്നുവെന്നും താരം പറഞ്ഞു. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ ചോദ്യം ചെയ്യുകയാണ്.

സുശാന്തിന്റെ മരണത്തില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കുറ്റക്കാരിയായി ആരോപിക്കപ്പെടുന്ന റിയയുടെ അറസ്റ്റിന് സാധ്യതയേറുന്നത് ഇതാദ്യമായാണ്. പക്ഷേ ലഹരിമരുന്ന് കേസിന് സുശാന്തിന്റെ മരണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. 11.50 ഓടെ മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയില്‍ മുംബൈയിലെ എന്‍സിബി ഓഫിസില്‍ ഹാജരായ റിയയെ ആദ്യം ഒറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് കസ്റ്റഡിയലുള്ള സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരോടൊപ്പവും ചോദ്യം ചെയ്യും. ഇരുവരും നടിക്കെതിരെ മൊഴിനല്‍കിയെന്നാണ് സൂചന.

റിയയുടെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകളില്‍ ലഹരിമരുന്ന് ഇടപാടിന് തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. ഇതും നടിയുടെയും മറ്റ് പ്രതികളുടെയും മൊഴികളും പരിശോധിച്ച ശേഷമാകും റിയയെ അറസ്റ്റ് ചെയ്യാനിടയുള്ളു. അതേസമയം, പ്രണയത്തിന്റെ പേരില്‍ വേട്ടായടപ്പെടുന്നുവെന്നും, അറസ്റ്റിലാകുവാന്‍ തയാറെടുത്തുവെന്നും റിയ ചക്രവര്‍ത്തി പ്രതികരിച്ചു. നിരപരാധി ആയതിനാലാണ് ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും റിയ ചോദ്യം ചെയ്യലിന് പോകുന്നതിന് മുമ്പ് പറഞ്ഞു. അതേസമയം, പൊരുത്തക്കേടുകളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍നിന്നുള്ള വിദഗ്ധസംഘം പരിശോധിക്കുകയാണ്.