ന്യൂഡല്‍ഹി: ജൂലൈയില്‍ കൊവിഡ് മുക്തയായ 27കാരിയ്ക്ക് വീണ്ടും രോഗബാധയെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ഇതാദ്യമായാണ് കൊവിഡ് മുക്തയായ ആളില്‍ വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ജൂലൈയില്‍ കൊവിഡ് മുക്തയായി ആശുപത്രി വിട്ട യുവതിയാണ് വീണ്ടും രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവാവുകയും ചെയ്തതെന്ന് നഗരത്തിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ജൂലൈ മാസത്തില്‍ ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. പിന്നീട് പൂര്‍ണ്ണമായും രോഗമുക്തയായി പരിശോധനാ ഫലം നെഗറ്റീവായതോടെയായിരുന്നു ഇവര്‍ ആശുപത്രി വിട്ടത്. എന്നാല്‍ വീണ്ടും നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ നടത്തിയ പരിശോധനയിലാണ് രണ്ടാമതും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. യുവതി ജൂലൈ 24നാണ് ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു. രോഗബാധയ്ക്ക് ശേഷം ആളുകളില്‍ കോവിഡ് പ്രതിരോധ ശേഷി വര്‍ധിക്കാത്തതാവും വീണ്ടും പോസിറ്റീവാകാന്‍ കാരണമെന്നും ഡോക്ടര്‍ പറഞ്ഞു.

അതിനിടെ, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 90,633പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,065പേര്‍ മരിച്ചു. 41,13,812പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 8,62,320പേര്‍ ചികിത്സയിലാണ്. 31,80,866പേര്‍ രോഗമുക്തരായി. 70,626പേരാണ് മരിച്ചത്.

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ തീവ്ര കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. 41,13,812പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 41,23,000പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 64,31,152പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,489 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 312 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇതുവരെ സംസ്ഥാനത്ത് 8,83,862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 6,36,574 പേര്‍ രോഗമുക്തരായി. നിലവില്‍ 2,20,661 പേരാണ് ചികിത്സയിലുള്ളത്. 26,276 പേര്‍ മരിച്ചു.