മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിക്കേസ് അന്വേഷണം വമ്പന്മാരിലേക്ക്. അന്വേഷണത്തിന്റെ ഭാഗമായി ബോളിവുഡിലെ പ്രമുഖ നടിമാരായ സാറ അലിഖാനെയും ശ്രാദ്ധ കപൂറിനെയും അന്വേഷണ സംഘം ഉടന്‍ വിളിപ്പിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ അറസ്റ്റിലായ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ഇവരുടെ പേരുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഈയാഴ്ച തന്നെ നടിമാര്‍ക്ക് നാര്‍ക്കോട്ടിക് ബ്യൂറോ സമന്‍സ് അയക്കുമെന്ന് എന്‍ഡിടിവി പറയുന്നു. കേസുമായി ബന്ധപ്പെട്ട് 59 ഗ്രാം മരിജുവാന പിടിച്ച സംഭവത്തില്‍ രണ്ടാമത്തെ കേസും നാര്‍ക്കോട്ടിക് ബ്യൂറോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിയ ചക്രവര്‍ത്തിക്ക് പുറമേ, സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തി, സുശാന്തിന്റെ രണ്ടു വീട്ടുസഹായികള്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

റിയ ചക്രവര്‍ത്തി ചില അഭിനേതാക്കളുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്നാണ് സാറയുടെയും ശ്രദ്ധയുടെയും പേരുകള്‍ കിട്ടിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. സുശാന്തിന്റെ മാനേജര്‍ ശ്രുതി മോഡി, മുന്‍ ടാലന്റ് മാനേജര്‍ ജയ സാഹയ എന്നിവരെയും വൈകാതെ വിളിപ്പിക്കും.

ജൂണ്‍ 14നാണ് സുശാന്തിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.