കോഴിക്കോട്: രാജ്യത്തെ മറ്റു മേഖലകളെ താരതമ്യപ്പെടുത്തി സൗകര്യങ്ങളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ലക്ഷദ്വീപില്‍ അനുഭവിക്കുന്ന ദുരിത ജീവിതം വെളിപ്പെടുത്തി യുവസംവിധായിക ഐഷ സുല്‍ത്താന. കോവിഡ് കാലത്ത് അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളാണ് ദ്വീപ് നേരിടുന്നതെന്നത്, ചികിത്സ കിട്ടാതെ മരിച്ച സ്വന്തം പിതാവിന്റെ ദുരനുഭവം പങ്കിട്ടാണ് ഐഷ വ്യക്തമാക്കുന്നത്.

ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തിലാണ് യുവസംവിധായിക കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മികച്ച ചികിത്സ കിട്ടാതെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ എന്റെ പിതാവിന് യഥാസമയത്ത് ലക്ഷദ്വീപിലെ ആശുപത്രിയില്‍ വെച്ച് രോഗം തിരിച്ചറിയാനും ചികിത്സ നല്‍കാനും കഴിയാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടു. ഹൃദയാഘാതം വന്ന പിതാവിനെ 24 മണിക്കൂറിനകം നല്‍കേണ്ട ചികിത്സ നല്‍കാന്‍ ലക്ഷദ്വീപിലെ ആശുപത്രികള്‍ക്ക് സാധിച്ചില്ല. കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചാണ് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞത്. എന്നാല്‍ താമസിയാതെ അദ്ദേഹം മരണപ്പെട്ടു. യഥാസമയത്ത് ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു, ഐഷ സുല്‍ത്താന നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് 19 പോലെ അതീവ ഗുരുതരമായ വൈറസുകള്‍ പടരുന്ന സാഹചര്യത്തില്‍ ചികിത്സ കൊണ്ടോ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയോ തടഞ്ഞുനിര്‍ത്താനാവുന്ന സംവിധാനങ്ങള്‍ ദ്വീപിലില്ല. 36 ദ്വീപുകളില്‍ ജനവാസമുള്ള 10 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. അതില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമാണ് ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളോടെ ആശുപത്രികള്‍ ഉള്ളത്. എന്നാല്‍ മഴക്കാലത്ത് രോഗികളുമായി ഇവിടേയ്ക്ക് എത്തിച്ചേരുന്ന് പ്രയാസകരമാണ്. എല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനവും യാത്രാസൗകര്യങ്ങളും ഒരുക്കുകയാണ് അടിസ്ഥാന ആവശ്യം. അതേസമയം, രാജ്യത്ത് കോവിഡ് 19 ബാധിക്കാത്ത ഏക പ്രദേശം ലക്ഷദ്വീപാണെന്നും, ഐഷ സുല്‍ത്താന പറയുന്നു.

ദ്വീപ് നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ആരോഗ്യ മേഖലയിലെ ദുരിതം തീര്‍ക്കാന്‍ ആധുനിക സൗകര്യമുള്ള ആശുപത്രികള്‍ ഒരുക്കാനും, മികച്ച ചികിത്സാ ലഭ്യമാക്കാനും അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെടമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെട്ടു.

Aisha Sulthana: A female director from Lakshadweep; 'Flush' shooting to  start in November – first female director from lakshadweep, aisha  sulthana's debut movie flush to start rolling in november | MbS News

ലക്ഷദ്വീപിന്റെ സാമൂഹിക ജീവിതം ചൂണ്ടിക്കാണിക്കുന്ന ‘ഫ്‌ളഷ്’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഐഷ സുല്‍ത്താന. തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.