കൊച്ചി: കാസര്‍ഗോഡ് പഴയചൂരിയിലെ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ആര്‍.എസ്.എസുകാരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി കേളുഗുഡ അയ്യപ്പ നഗര്‍ സ്വദേശി അജേഷ് എന്ന അപ്പു (20) മാത്തെയിലെ നിതിന്‍കുമാര്‍ (19), കേളു ഗുഡെ ഗംഗൈ സ്വദേശി അഖിലേഷ് (25) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവന്‍ തള്ളിയത്.

പ്രതികള്‍ നടത്തിയത് ഹീനമായ കൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം ആസൂത്രിതമാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കൊലപാതകം മതസ്പര്‍ദ്ദ വളര്‍ത്തല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത്. വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.