കാസര്‍ഗോഡ് മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസിലെ പ്രതികളായ കുട്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് മനോഹര്‍കിണി തള്ളിയത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യുഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകനാണ് ഹാജരായിരുന്നത്. രണ്ട് തവണ മാറ്റി വെച്ച ജാമ്യാപേക്ഷയാണ് കോടതി ശനിയാഴ്ച പരിഗണിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് രാത്രി 10.30 മണിയോടെയാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടകിലെ റിയാസ് മൗലവിയെ പ്രതികള്‍ പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അജേഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി കൃത്യം നിര്‍വഹിച്ചത്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്തത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഡി എന്‍ എ പരിശോധനാഫലം അടക്കമുള്ള 50 ലധികം രേഖകളും സമര്‍പ്പിച്ചിരുന്നു. ദൃക്‌സാക്ഷികളടക്കം 100 ലധികം സാക്ഷികളാണ് ഈ കേസിലുള്ളത്