മലയാളത്തില്‍ രണ്ടു സിനിമകളില്‍ മാത്രമേ നടി സായ് പല്ലവി അഭിനയിച്ചിട്ടുള്ളൂ. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം കലി എന്ന ചിത്രത്തില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നായികയായും അഭിനയിച്ചു.

ഡോക്ടറായ താരം ജോലിക്കൊപ്പംതന്നെ സിനിമാജീവിതവും കൊണ്ടുപോകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വിക്രത്തെ നായകനാക്കി വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും നടി കരാര്‍ ഒപ്പിട്ടതായി വാര്‍ത്ത വന്നിട്ടുണ്ട്. 50ലക്ഷം രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം. താരത്തിന്റെ പ്രതിഫലം കേട്ട് മറ്റു നടിമാര്‍ ഞെട്ടിയിരിക്കുകയാണത്രേ.

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തില്‍ മൂന്നുനടിമാര്‍ക്കൊപ്പമാണ് സായ് എത്തുന്നത്. ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് കലിയില്‍ അഭിനയിക്കുന്നത്. ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെങ്കിലും വാരിവലിച്ച് സിനിമകള്‍ ചെയ്യേണ്ടെന്നാണ് താരത്തിന്റെ തീരുമാനം.