പ്രേമം സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടി സായ്പല്ലവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലുങ്ക് താരം നാഗശൗര്യ. എല്ലാവരേക്കാളും മുകളിലാണ് താനെന്നാണ് സായ് പല്ലവിയുടെ ഭാവമെന്ന് നാഗശൗര്യ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാരുവിലെ നായകനായ നാഗശൗര്യയുടെ വിമര്‍ശനം.

സിനിമയിലെ മുതിര്‍ന്ന നടന്‍മാരോടുപോലും സായ് പല്ലവിക്ക് ബഹുമാനമില്ല. എല്ലാവരേക്കാളും മുകളിലാണ് താനെന്ന ഭാവമാണ് നടിക്കുള്ളത്. സെറ്റിലുള്ളപ്പോള്‍ അനാവശ്യമായി ബഹളം വെക്കും. ഇത് മറ്റുള്ളവരുടെ ആത്മവിശ്വാസം കെടുത്തുമെന്നും നാഗശൗര്യ പറഞ്ഞു. സായ്പല്ലവിയുടെ ഫിദ മികച്ച വിജയമായിരുന്നു. എന്നാല്‍ അത് അവരുടെ മാത്രം കഴിവുകൊണ്ടല്ലെന്നും സായ്പല്ലവിയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തേയും സായ്പല്ലവിക്കുനേരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സെറ്റില്‍ അനാവശ്യമായി സായ് പല്ലവി ബഹളം വെച്ചുവെന്നും തെന്നിന്ത്യന്‍ നായകന്‍ നാനിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന സായ് പല്ലവി മലയാളികള്‍ക്ക് ഏറെ സ്വീകാര്യയായിരുന്നു. പിന്നീട് ദുല്‍ഖറിന്റെ കലിയിലും സായ് വേഷമിട്ടിരുന്നു. തമിഴ്‌നാട് സ്വദേശിനിയായ താരം ഡോക്ടര്‍ കൂടിയാണ്.